shibuvonte-mathapithakkal
ഷിബു മധു, അച്‌ഛൻ മധു, അമ്മ ലത, സഹോദരി ഷീബ മധു എന്നിവർക്കൊപ്പം

മാന്നാർ: ന്യൂയോർക്ക് പൊലീസിൽ ഇൻസ്പെക്ടർ പദവിയിലെത്തി ആലപ്പുഴ ചെന്നിത്തല സ്വദേശി ഷിബു മധു. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജൻ. ചെന്നിത്തല ചെറുകോൽ വെന്നിയിൽ കുടുംബാംഗവും ന്യൂയോർക്കിൽ സ്ഥിരതാമസക്കാരുമായ മധു- ലത ദമ്പതികളുടെ മകനാണ്. ചെന്നൈയിൽ ടി നഗറിൽ താമസിച്ചിരുന്ന മധുവും കുടുംബവും 1999ലാണ് അമേരിക്കയിൽ എത്തിയത്. ഷിബുവിന് അമേരിക്കൻ പൗരത്വമുണ്ട്.

2007ലാണ് ന്യൂയോർക്ക് പൊലീസിൽ ഓഫീസറായത്. സെർജന്റ്, ലെഫ്റ്റനന്റ്, ക്യാപ്ടൻ എന്നീ പദവികളും വഹിച്ചു. 2021മുതൽ ഡെപ്യൂട്ടി ഇൻസ്പെക്ടറായിരുന്നു. ചെന്നൈയിലെ ഷിറിൻ വൈലങ്കണ്ണി സീനിയർ സെക്കൻഡറി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് പെൻസിൽവേനിയ യൂണിവേഴ്സിറ്റിയിലെ പഠനത്തിനു ശേഷം അസ്പെൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ക്രിമിനൽ ജസ്റ്റിസിൽ ബിരുദം നേടി. ഭാര്യ: കരോളിൻ. മക്കൾ: ആൻഡ്രു, നിക്കോൾ. സഹോദരി ഷീബ മധു (ന്യൂയോർക്ക്).

1924ൽ വൈക്കം സത്യഗ്രഹത്തിൽ ആദ്യം അറസ്റ്റിലായ വെന്നിയിൽ ഗോവിന്ദപ്പണിക്കരുടെ രണ്ടാമത്തെ മകനായ കരുണാകരൻ പിള്ളയുടെ മകനാണ് ഷിബുവിന്റെ പിതാവ് മധു. ചെന്നിത്തല ചെറുകോൽ ശ്രീ ശുഭാനന്ദാശ്രമത്തിന് സമീപത്താണ് ഗോവിന്ദപ്പണിക്കരുടെ കുടുംബവീട്. ഗോവിന്ദപ്പണിക്കരുടെ ഒമ്പതാമത്തെ മകൻ വെന്നിയിൽ രാമചന്ദ്രൻപിള്ളയും അദ്ദേഹത്തിന്റെ ഭാര്യ ചെന്നിത്തല മഹാത്മ ഹൈസ്കൂൾ റിട്ട.അദ്ധ്യാപിക ഗീതാകുമാരിയുമാണ് ഇപ്പോൾ ഇവിടെ താമസം. ജ്യേഷ്ഠന്റെ കൊച്ചുമകന് ലഭിച്ച നേട്ടത്തിൽ ഏറെ സന്തോഷമുണ്ടെന്ന് രാമചന്ദ്രൻ പിള്ള പറഞ്ഞു.