janasamskrithy

മാന്നാർ : കഴിഞ്ഞ 20 വർഷത്തിലേറെയായി മാന്നാറിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിച്ചുവരുന്ന മാന്നാർ ജനസംസ്കൃതിയുടെ ഈ വർഷത്തെ അവാർഡ് മാന്നാർ നായർ സമാജം സ്കൂൾ പ്രസിഡന്റ് കെ.ജി വിശ്വനാഥൻ നായർക്ക് സമ്മാനിച്ചു. വിദ്യാഭ്യാസ മേഖലയിൽ നൽകിയ സംഭാവനക്കാണ് അവാർഡ് നൽകിയത്. ദേവരാജൻ നായർ അനുസ്മരണ സമ്മേളനത്തിൽ പ്രൊഫ. പി.ഡി ശശിധരൻ അവാർഡ് സമ്മാനിച്ചു. 10001 രൂപയും ഫലകവും അടങ്ങിയതാണ് അവാർഡ്. യോഗത്തിന്റെ ഉദ്ഘാടനം മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി നിർവഹിച്ചു. ജനസംസ്കൃതി പ്രസിഡന്റ് കലാലയം ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. കെ.പി.സി.സി അംഗം മാന്നാർ അബ്ദുൽ ലത്തീഫ്, അഡ്വ.എസ്. ശിവകുമാർ, കെ.ആർ രാമചന്ദ്രൻ നായർ, ഡി.വേണുകുമാർ, സുരേഷ് ചേക്കോട്ട്, കെ.ജി വിശ്വനാഥൻ നായർ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി. എൻ ശെൽവരാജൻ സ്വാഗതവും ജെ.ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് കാഞ്ഞിരപ്പള്ളി അമല തീയേറ്റേഴ്സ് അവതരിപ്പിച്ച നാടകം അരങ്ങേറി. കെ.ജി.വിശ്വനാഥൻ നായർ അവാർഡ് തുക ജനസംസ്കൃതിയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്കായി സംഘാടകരെ തിരികെ ഏൽപ്പിച്ചു. ഈ തുക മാന്നാർ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ ഇരു വൃക്കകളും നഷ്ടപ്പെട്ട് ചികിത്സയിൽ കഴിയുന്ന സന്തോഷിന്റെ ശസ്ത്രക്രിയക്ക് നൽകുമെന്ന് ജനസംസ്കൃതി ഭാരവാഹികൾ പറഞ്ഞു.