
അമ്പലപ്പുഴ: ആലപ്പുഴ ജില്ലാ കേരളോത്സവത്തിൽ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് 341പോയിന്റുമായി ഓവറോൾ ചാമ്പ്യൻഷിപ്പും 254 പോയിന്റുമായി കലാകിരീടവും നേടി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് 298 പോയിന്റുമായി ഓവറോൾ ചാമ്പ്യൻഷിപ്പിലും 198 പോയിന്റുമായി കലാകിരീടത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിലെ ഗായത്രി നായർ 36 പോയിന്റുമായി കലാതിലകമായി. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ മഹേഷോർ 28 പോയിന്റുമായി കലാ പ്രതിഭയായി. കായികചാമ്പ്യൻഷിപ്പ് മത്സരങ്ങളിൽ ജൂനിയർ വിഭാഗത്തിൽ ആര്യാട് ബ്ലോക്കിലെ യു. വിഷ്ണു , വനിതാ വിഭാഗത്തിൽ പട്ടണക്കാട് ബ്ലോക്കിലെ എം.എസ്.സരിഗ സീനിയർ ഗേൾസിൽ കഞ്ഞിക്കുഴി ബ്ലോക്കിലെ കെ.എൽ.അലീന, സീനിയർ ബോയ്സിലെ അതുൽ ഷാജി എന്നിവർ ചാമ്പ്യൻഷിപ്പ് പട്ടം കരസ്ഥമാക്കി.
മൂന്ന് ദിവസങ്ങളിലായി അമ്പലപ്പുഴ ബ്ലോക്ക്പഞ്ചായത്തിലെ വിവിധ വേദികളിലായിട്ടാണ് കേരളോത്സവം നടന്നത്. പ്രധാന വേദിയായ അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമാപന സമ്മേളനം എച്ച് .സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിനു ഐസഖ് രാജു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി. എസ്. താഹ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ശോഭ ബാലൻ, പി.ജി സൈറസ്, സജിത സതീശൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആർ .റിയാസ്, പി .അഞ്ജു, മഞ്ഞ്ജുള ദേവി, കെ. തുഷാര , ജി. ആതിര, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. രമേശൻ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ബി. ഷീജ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. ആർ. ദേവദാസ് എന്നിവർ സംസാരിച്ചു.