
അമ്പലപ്പുഴ: അമ്പലപ്പുഴയിൽ നടന്ന ജില്ലാ കേരളോത്സവത്തിൽ നൃത്തയിനങ്ങളിൽ ഒന്നാം സ്ഥാനം നേടി സഹോദരിമാർ. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിനെ പ്രതിനിധികരിച്ച് തകഴി ഗ്രാമ പഞ്ചായത്തിലെ പ്രിയങ്ക, അനുപ്രിയ, അപർണ്ണ ദേവി എന്നിവരാണ് വിജയം കൈവരിച്ചത്. ഇതിൽ മൂത്ത സഹോദരി പ്രിയങ്ക തകഴിയിൽ ഡാൻസ് അക്കാദമിയും നടത്തുന്നുണ്ട്. പ്രിയങ്ക ഗ്രൂപ്പ് ഡാൻസിൽ സംഘനൃത്തത്തിന് ഒന്നാം സ്ഥാനവും അനുപ്രിയ സംഘ നൃത്തത്തിലും നാടോടിനൃത്തത്തിലും ഒന്നാം സ്ഥാനം നേടി. കൂടാതെ, മൈലാഞ്ചിയിടൽ ഒന്നാം സ്ഥാനവും നേടി. അപർണ്ണ ദേവി ഭരത നാട്യത്തിൽ ഒന്നാം സ്ഥാനവും ഗ്രൂപ്പ് ഡാൻസിൽ രണ്ടാം സ്ഥാനവും നേടി. മൈലാഞ്ചിയിടൽ മത്സരത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. മാതാവ് സ്മിത എസ്. നായരും പിതാവ് ബിജുമോനുമാണ് ഇവരുടെ ഏറ്റവും വലിയ പ്രോത്സാഹനം.