
ആലപ്പുഴ: നാലുചിറ പാലത്തിന്റെ നിർമ്മാണവുമായി പ്രവർത്തനവുമായി ബന്ധപ്പെട്ട് സമീപത്തെ വീടുകൾക്ക് ബലക്ഷയം. ആറ് വീടുകളുടെ അടിത്തറയ്ക്ക് ബലക്ഷയവും ഭിത്തിക്ക് വിള്ളലുമാണ് ഉണ്ടായത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രദേശവാസികൾ ജില്ലാ ഭരണകൂടത്തിനും കേരള റോഡ്ഫണ്ട് ബോർഡിനും നൽകിയ പരാതികൾ കിഫ്ബി അധികൃതർക്ക് കൈമാറിയെങ്കിലും തുടർ നടപടി സ്വീകരിക്കാത്തത്തതിൽ പ്രതിഷേധംശക്തമാകുന്നു. പുറക്കാട് പഞ്ചായത്ത് ഏഴാം വാർഡ് തോട്ടപ്പള്ളി അനന്തു ഭവനത്തിൽ ചന്ദ്രലേഖ, പുതിയനികത്ത് രാജമണി എന്നിവർ കളക്ടർ അലക്സ് വർഗീസിനും പുത്തൻപറമ്പ് സാവിത്രി, തുണ്ടുപറമ്പ് സുധീർ, അശ്വതി ഭവനത്തിൽ സുരേഷ്, പുത്തൻപുരയിൽ സാബു എന്നിരാണ് കെ.ആർ.എഫ്.ബിക്ക് പരാതി നൽകിയത്. പരാതികൾ തുടർ നടപടിക്കായി കിഫ്ബിക്ക് കൈമാറിയിരുന്നു. കിഫ്ബി അധികൃതർ സ്ഥലത്ത് എത്തി കെട്ടിടങ്ങളുടെ തകരാർ നേരിട്ട് ബോധ്യപ്പെട്ടിട്ടും നഷ്ടപരിഹാരം നൽകുന്നതിന് തുടർനടപടി സ്വീകരിച്ചിട്ടില്ല. നിർമ്മാണവുമായി ബന്ധപ്പെട്ട് പൈലിംഗ് മൂലം വീടുകളുടെ അടിത്തറയും ഭിത്തിയും തകർന്നത്.കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പാലം നിർമ്മാണത്തിന് 38 കോടി രൂപയുടെ ഭരണാനുമതി നൽകിയത്. സാധനങ്ങളുടെ വിലവർദ്ധനവിനെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ 54.96 കോടി രൂപയുടെ പുതുക്കിയ സാമ്പത്തികാനുമതി കിഫ്ബിയിൽ നിന്ന് ലഭ്യമാക്കിയാണ് പാലം ഗതാഗതത്തിന് സജ്ജമാക്കുന്നത്.
.......
# ഏത് സമയവും നിലപൊത്താം
50,000മുതൽ അഞ്ചുലക്ഷംരൂപ വരെ നാശമാണ് ഉണ്ടായിട്ടുള്ളത്. വീടുകളുടെ ഭിത്തിയും അടിത്തറയും തകർന്നതിനാൽ ഏത് സമയവും നിലപൊത്തും വിധമാണ്. തോട്ടപ്പള്ളി -കരുവാറ്റ ലീഡിംഗ് ചാനലിന് കുറുകെയാണ് നാലുചിറ പാലത്തിന്റെ നിർമ്മാണവും അപ്രോച്ച് റോഡും പൂർത്തിയാക്കിയത്. പാലത്തിന്റെ തെക്കേക്കരയിലെ ബി.എം - ബി.സി നിലവാരത്തിലുള്ള അപ്രോച്ച് റോഡിന്റെ ഭാഗത്തെ വീടുകൾക്കാണ് നാശം വിതച്ചത്.