അരൂർ: തിരക്കേറിയ അരൂർ പള്ളിയറക്കാവ് - അരൂർ പള്ളി റോഡിൽ ബൈക്കുകൾ അമിതവേഗത്തിൽ പായുന്നത് കാൽ നടയാത്രികരുടെ ജീവന് ഭീഷണിയാകുന്നു.

രാവിലെയും വൈകിട്ടുമാണ് അരൂക്കുറ്റി - അരൂർ റോഡിലൂടെ റോക്കറ്റ് വേഗത്തിൽ

ബൈക്കുകൾ പായുന്നത്. റോഡിലെ വാഹന ബാഹുല്യവും ബൈക്കുകളുടെ അമിത വേഗതയും കാരണം ഇവിടെ അപകടങ്ങൾ തുടർക്കഥയാണ്. കഴിഞ്ഞ ദിവസം പള്ളിയറക്കാവ് ക്ഷേത്രപരിസരത്ത് രണ്ടുപേർ അപകടത്തിൽപ്പെട്ടതാണ് ഏറ്റവും

ഒടുവിലത്തെ സംഭവം. സി.പി.എം അരൂർ മാടവന ബ്രാഞ്ച് സെക്രട്ടറി ഷണ്മുഖൻ പിള്ള, മാമ്പള്ളി വിശ്വംഭരൻ എന്നിവർക്കാണ് ബൈക്കിടിച്ച് പരിക്കേറ്റത്. ഇവർ ചികിത്സയിലാണ്.

കേബിൾ ചതി വേറെ !

ഇല്ലത്തുപടി വളവിൽ കൂട്ടിയിട്ടിരിക്കുന്ന കേബിളുകൾ റോഡിലേക്ക് കയറിക്കിടക്കുന്നതും ഇരുചക്ര വാഹന യാത്രികർക്ക് ഭീഷണിയാണ്. കഴിഞ്ഞ ദിവസം കേബിളിൽ കുരുങ്ങി ഒരാൾക്ക് അപകടം സംഭവിച്ചിരുന്നു. എലിവേറ്റഡ് ഹൈവേ നിർമ്മാണത്തെ തുടർന്ന് ക്ഷേത്രം കവലയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ്

യു ടേൺ എടുത്തു പോകാനുള്ള അലസതയാണ് പള്ളിയറക്കാവ് റോഡിൽ വാഹന ബാഹുല്യത്തിന് കാരണം. ഈ ഭാഗത്ത് രാവിലെയും വൈകിട്ടും രൂക്ഷമായ ഗതാഗതക്കുരുക്കാണ്. അരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന സ്ഥലമാണിത്. വേഗത നിയന്ത്രിക്കാൻ റോഡിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കണമെന്നും റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന കേബിളുകൾ നീക്കം ചെയ്യണമെന്നതുമാണ് പ്രദേശവാസികളുടെ ആവശ്യം.

ഫോട്ടോ-ബൈക്കുകൾ ചീറിപ്പായുന്ന തിരക്കേറിയ അരൂർ പള്ളി - പള്ളിയറക്കാവ് റോഡിന്റെ അരികിൽ കിടക്കുന്ന കേബിൾ വയറുകൾ നീക്കം ചെയ്യാത്ത നിലയിൽ