
ആലപ്പുഴ: കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന്റെ ഗ്യാലറിയിൽ നിന്ന്
ഉമ തോമസ് എം.എൽ.എ വീണ് പരിക്കേറ്റ സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് മന്ത്രി സജി ചെറിയാൻ. സംഘാടകർ ലാഘവത്തോടെയാണ് സുരക്ഷാവിഷയം കൈകാര്യം ചെയ്തത്. വി.ഐ.പികൾക്ക് ഇരിക്കാനായി 15 അടി ഉയരമുള്ള സ്റ്റേജാണ് ഒരുക്കിയത്. വേദിക്ക് ബാരിക്കേഡ് കെട്ടണമായിരുന്നു. വേദി സുരക്ഷിതമല്ലെന്ന് തന്റെ ഗൺമാൻ ചൂണ്ടിക്കാട്ടിയിരുന്നു.
ലോക റെക്കാഡിനു വേണ്ടി സംഘടിപ്പിക്കുന്ന പരിപാടിക്ക് സാംസ്കാരിക മന്ത്രി തന്നെ നിലവിളക്ക് തെളിക്കണമെന്ന് പറഞ്ഞതുകൊണ്ടാണ് തിരക്കുകളുണ്ടായിരുന്നിട്ടും പരിപാടിക്കെത്തിയത്. റെക്കാഡിനുള്ള എട്ടു മിനിട്ട് നൃത്തം അവതരിപ്പിച്ചശേഷം മറ്റ് പരിപാടികൾ നടത്തിയില്ലെന്നാണ് മനസിലാക്കുന്നത്. ഉമ തോമസ് എത്രയും വേഗം സുഖം പ്രാപിച്ച് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നതായും മന്ത്രി പറഞ്ഞു.