ആലപ്പുഴ: പുതുവത്സരാഘോഷങ്ങൾക്ക് മുന്നോടിയായി പൊലീസും മോട്ടോർ വാഹന വകുപ്പും ജാഗ്രത കടുപ്പിച്ചു. ടൂറിസ്റ്റ് കേന്ദ്രം കൂടിയായതിനാൽ സംസ്ഥാനത്തിന് പുറത്തുനിന്ന് ധാരാളം പേർ എത്തിച്ചേരാനുള്ള സാദ്ധ്യത കൂടി കണക്കിലെടുത്ത് വിനോദ സഞ്ചാര മേഖലയിൽ ഉൾപ്പടെ സുരക്ഷ ശക്തമാക്കാനാണ് തീരുമാനം. മദ്യശാലകൾ, റിസോർട്ടുകൾ, ഹോംസ്‌റ്റേകൾ, ഹോട്ടലുകൾ തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം കർശന പരിശോധനകൾ നടക്കും. ബീച്ചുകളും നിരീക്ഷണത്തിലാണ്. ദേശീയ പാതയും ഉൾനാടൻ റോഡുകളുമുൾപ്പെടെ മുഴുവൻ സ്ഥലങ്ങളിലും ന്യൂ ഇയർ കഴിയും വരെ വാഹന പരിശോധന കർശനമാക്കും.ഡി.ജെ പാർട്ടികൾ സംഘടിപ്പിക്കുന്നവർ പൊലീസിന്റെ മുൻകൂർ അനുമതി വാങ്ങണം.

മദ്യപിച്ചുള്ള ഡ്രൈവിംഗ്,​ മൊബൈൽഫോൺ ഉപയോഗം, അമിതവേഗത, സിഗ്‌നൽ തെറ്റിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾക്ക് പിഴചുമത്തുന്നത് കൂടാതെ ലൈസൻസ് റദ്ദാക്കുന്നതിനും നടപടികളെടുക്കും. രൂപമാറ്റം നടത്തിയ വാഹനങ്ങൾ, അമിതശബ്ദം പുറപ്പെടുവിക്കുന്ന തരത്തിൽ സൈലൻസർ മാറ്റിയിട്ടുള്ള വാഹനങ്ങൾ എന്നിവയുടെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിനും നടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ന്യൂ ഇയറിനോട് അനുബന്ധിച്ച് റോഡപകടങ്ങൾ വർദ്ധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഇന്ന് ഉച്ചമുതൽ വാഹന പരിശോധന തുടങ്ങും. ദേശീയപാത ഉൾപ്പെടെ മുഴുവൻ റോഡുകളിലും പൊലീസിന് പുറമേ മോട്ടോർ വാഹന വകുപ്പും​ എക്സൈസും വാഹനങ്ങൾ പരിശോധിക്കും. എല്ലാ പൊലീസ് സ്റ്റേഷനുകളിലും പതിവ് പട്രോളിംഗ് വാഹനങ്ങൾക്ക് പുറമേ കൂടുതൽ വാഹനങ്ങൾ ഇറങ്ങും. ബൈക്ക് റൈഡർമാരെയും നിയോഗിക്കും. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സബ് ഡിവിഷനുകളിലും ജില്ലാ തലത്തിലും ഡിവൈ.എസ്.പി ,​ എസ്.പി നിയന്ത്രണങ്ങളിലുള്ള സ്ട്രൈക്കിംഗ് ഫോഴ്സുകളുമുണ്ടാകും.

മുൻകൂട്ടി അറിയിക്കണം

പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടികൾ മുൻകൂട്ടി പൊലീസിനെ അറിയിക്കണം.രാത്രി 10 മണിക്ക് ശേഷം പൊതു സ്ഥലത്ത് മൈക്ക് ഉപയോഗിച്ച് യാതൊരു ആഘോഷവും അനുവദിക്കില്ല. കരിമരുന്ന്, സ്ഫോടക വസ്തുക്കൾ കർശനമായും നിരോധിച്ചിട്ടുണ്ട്.

...........................

ആഘോഷങ്ങൾ അതിരുവിട്ടാൽ ശക്തമായ നടപടിയെടുക്കും. മദ്യമോ,​ ലഹരി വസ്തുക്കളോ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടികൈക്കൊള്ളും

- ജില്ലാ പൊലീസ് മേധാവി, ആലപ്പുഴ