ആലപ്പുഴ: ചണം ഉത്പന്ന ഫാക്ടറിയിൽ വൻ തീപിടിത്തം,​ ലക്ഷങ്ങളുടെ ഉത്പന്നങ്ങൾ കത്തിനശിച്ചു. ആര്യാട് പഞ്ചായത്ത് 17-ാം വാർഡിൽ തുമ്പോളിയിൽ പ്രവർത്തിക്കുന്ന മാതാ അസോസിയേറ്റ്‌സ് എന്ന ജ്യൂട്ട് മാറ്റ് ഫിനിഷിംഗ് യൂണിറ്റിനാണ് തീപിടിച്ചത്. ഇന്നലെ രാവിലെ 10.15 ഓടെയായിരുന്നു സംഭവം. സ്ഥാപനത്തിലെ റഗ് ആൻഡ് ജ്യൂട്ട് മാറ്റിനാണ് തീപിടിച്ചത്. മോട്ടോർപുരയിൽ നിന്നാണ് തീപടർന്നത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവസമയത്ത് ജീവനക്കാർ ചായകുടിക്കാൻ പുറത്തുപോയിരുന്നു. ഉത്പന്നങ്ങളുമായി വന്ന ലോറി ഡ്രൈവറാണ് വിവരം അഗ്‌നിരക്ഷാസേനയെ അറിയിച്ചത്. ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിൽ നിന്നായി അഗ്‌നിരക്ഷാ സേനയുടെ നാലുയൂണിറ്റ് മണിക്കൂറുകൾ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ആലപ്പുഴയിലെ പ്രമുഖ കമ്പനിയിൽ നിന്ന് ഉപകരാറെടുത്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. ചണ ഉത്പന്നങ്ങളുടെ ഫിനിഷിംഗ് ജോലികളാണ് ഇവിടെ നടന്നിരുന്നത്. ജോലികൾ പൂർത്തിയാക്കാനായി വച്ചിരുന്ന ഭാഗത്തെ ഉത്പന്നങ്ങളാണ് കത്തിയത്. കയറ്റുമതി ചെയ്യാനുള്ള ഉത്പന്നങ്ങൾ മറ്റൊരു ഭാഗത്തായതിനാലാണ് കൂടുതൽ നഷ്ടമുണ്ടായില്ല.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ആർ.ജയസിംഹൻ, ജോജി എൻ. ജോയ്, ഓഫിസർമാരായ പി.വി. രഞ്ജിത്ത്, എ.ജെ. ബെഞ്ചമിൻ, ജസ്റ്റിൻ ജേക്കബ്, പത്മകുമാർ, എസ്. കണ്ണൻ, വിഷ്ണു വി. നായർ, ഡാനി ജോർജ്ജ്, യേശുദാസ് അഗസ്റ്റിൻ, കെ.ജി. സെബാസ്റ്റിൻ, സുരാജ് ,ശ്രീന, ഹോം ഗാർഡുമാരായ സുഖലാൽ, ശ്രീജിത്ത് എന്നിവർ രക്ഷാപ്രവവർത്തനത്തിൽ പങ്കെടുത്തു.