ആലപ്പുഴ: യു. പ്രതിഭ എം.എൽ.എയുടെ മകനെ കഞ്ചാവ് കേസിൽ പിടികൂടിയതുമായി ബന്ധപ്പെട്ട വാർത്ത നൽകിയ മാദ്ധ്യമങ്ങളെ പേരെടുത്ത് പറഞ്ഞ് സമൂഹമാദ്ധ്യമത്തിലൂടെ അധിക്ഷേപിച്ചതിൽ കെ.യു.ഡബ്ല്യു.ജെ ജില്ലാ കമ്മറ്റിയും ആലപ്പുഴ പ്രസ് ക്ലബും പ്രതിഷേധിച്ചു. എം.എൽ.എയുടെ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നതിനോടൊപ്പം പാർട്ടി നേതൃത്വം ഇവരെ തിരുത്തണമെന്നും ആവശ്യപ്പെട്ടു. എം.എൽ.എയുടെ അധിക്ഷേപങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും പരാതി നൽകാൻ കെ.യു.ഡബ്ല്യു.ജെ. ജില്ലാകമ്മിറ്റിയോഗം തീരുമാനിച്ചു. വ്യക്തിഅധിക്ഷേപം നേരിട്ട മാദ്ധ്യമ പ്രവർത്തകർ നൽകുന്ന പരാതികൾക്കും നിയമപോരാട്ടങ്ങൾക്കും പിന്തുണനൽകാനും കെ.യു.ഡബ്ല്യു.ജെ ജില്ലാ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.