കൊച്ചി: എറണാകുളം നഗരത്തിൽ കടവന്ത്ര സിഗ്നലിന് സമീപം ഇന്നലെ രാവിലെ ഒമ്പതോടെ നടന്ന അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചുകയറിയതിനെ തുടർന്ന് ആലപ്പുഴ അരൂക്കുറ്റി സ്വദേശി സീനത്ത്(40) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ച ബന്ധുവായ ഹബീസ് (20) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കടവന്ത്ര സിഗ്നലിൽ സ്കൂട്ടറിന്റെ വേഗത കുറച്ച് നിർത്താനായി ശ്രമിക്കുന്നതിനിടെ പിന്നിലെത്തിയ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് കയറുകയായിരുന്നു. അടുത്ത് നിന്നിരുന്ന കാറിലിടിച്ചാണ് ബസ് നിന്നത്. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ കാറിനും ബസിനും ഇടയിലായിപ്പോയി. തുടർന്ന് മറ്റ് വാഹനങ്ങളിലും ഇടിച്ചെങ്കിലും അവയിലെ യാത്രക്കാർക്ക് ആർക്കും പരിക്കുകളില്ല. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. ബസിന് ഇൻഷുറൻസും പൊല്യൂഷൻ സർട്ടിഫിക്കറ്രും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. അപകടകാരണം പൊലീസ് പരിശോധിച്ചു വരികയാണ്.