ആലപ്പുഴ: പക്ഷിപ്പനിയെ തുടർന്ന് ജില്ലയിൽ പക്ഷികളെ കടത്തുന്നതിനും വിൽക്കുന്നതിനും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഇന്നലെ പിൻവലിച്ചത് കർഷകർക്ക് വലിയ ആശ്വാസമായി. മേഖലയിലെ കർഷകരും ഇറച്ചി വിൽപ്പനക്കാരുമായ 10,000ത്തോളം കുടുബങ്ങൾക്ക് ഇത് പുതുവത്സര പ്രതീക്ഷയായി.

ആലപ്പുഴ, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പുതുതായി ഒരിടത്തും പക്ഷിപ്പനി റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് നിയന്ത്രണം പിൻവലിച്ചത്. കഴിഞ്ഞ ഏപ്രിൽ 16ന് ആണ് ജില്ലയിൽ പക്ഷപ്പനി റിപ്പോർട്ട് ചെയ്തത്.തുടർന്ന് പക്ഷികളെ വളർത്തുന്നതും വിൽക്കുന്നതും കടത്തുന്നതും നിരോധിച്ചു കൊണ്ട് സർക്കാർ ഉത്തരവ് ഇറക്കുകയായിരുന്നു. 2025 മാർച്ച് 31വരെയാണ് നിരോധനമെങ്കിലും പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ

ഡിസംബർ 31വരെ മതിയെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു.

2024ഏപ്രിൽ മുതൽ വിവിധ ഘട്ടങ്ങളിലായി കോഴിയും താറാവും കാടയും ഉൾപ്പെടെ ജില്ലയിൽ 3,52,851പക്ഷികളെയാണ് കൊന്നൊടുക്കിയത്. രോഗം ബാധിച്ച് 1,23,640 പക്ഷികൾ ചത്തു. ഇതിന്റെ നഷ്ടപരിഹാരമായി 780 കർഷകർക്കായി 2.95 കോടി രൂപ ഇനിയും കിട്ടാനുണ്ട്. നശിപ്പിച്ച മുട്ടയുടെ വില വേറെയും. മുട്ടയുടെ വില തിട്ടപ്പെടുത്തിവരുന്നതേയുള്ളു.

പക്ഷിപ്പനി വ്യാപകമായതോടെ താറാവിന്റെ ഉത്പാദനവും വിപണവും നിരോധിച്ചത് കച്ചവടത്തെ കാര്യമായി ബാധിച്ചു. പക്ഷിപ്പനി വ്യാപനം തടയാൻ കള്ളിംഗിന് വിധേയമാക്കിയ താറാവുകൾക്കുള്ള നഷ്ടപരിഹാരവും കർഷകർ ഇതുവരെ ലഭിച്ചിട്ടില്ല.

# ഇനി മുട്ടവിരിയും

നിയന്ത്രണം പിൻവലിച്ച സാഹചര്യത്തിൽ സർക്കാരിന്റെ ചെങ്ങന്നൂരിലെ ഹാച്ചറിയിലും സ്വകാര്യ ഹാച്ചറികളിലും വൈകാതെ മുട്ടകൾ വിരിക്കുന്നത് ആരംഭിക്കും. സർക്കാർ ഹാച്ചറിയിൽ മുട്ടവിരിക്കുന്ന കേന്ദ്രങ്ങൾ വൃത്തിയാക്കി അണുമുക്തമാക്കുന്നത് ഉൾപ്പെടെയുള്ള ജോലികൾ അടുത്ത ദിവസം തന്നെ ആരംഭിക്കും.