
ആലപ്പുഴ: ലഹരി കേസിൽ യു.പ്രതിഭ എം.എൽ.എയുടെ മകനെതിരെ കേസെടുത്തതിന് തൊട്ടുപിന്നാലെ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ പി.കെ.ജയരാജിനെ സ്ഥലം മാറ്റി. മലപ്പുറത്തേക്കാണ് മാറ്റിയത്. ആലപ്പുഴയിൽ സ്ഥാനമേറ്റെടുത്തിട്ട് മൂന്ന് മാസം തികഞ്ഞിട്ടില്ല. വിരമിക്കാൻ അഞ്ച് മാസം മാത്രമേ ശേഷിക്കുന്നുള്ളൂ.
തിങ്കളാഴ്ച ജോയിന്റ് സെക്രട്ടറി പുറപ്പെടുവിച്ച എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർമാരുടെയും അസിസ്റ്റന്റ് കമ്മിഷണർമാരുടെയും സ്ഥലംമാറ്റ ഉത്തരവിലാണ് പി.കെ. ജയരാജും ഉൾപ്പെട്ടത്. മൂന്ന് മാസത്തിനുള്ളിൽ ലഹരിക്കേസുകളിൽ നിരവധിപ്പേരെ അറസ്റ്റ് ചെയ്യുകയും, ബിനാമി കള്ള്ഷാപ്പ് നടത്തിപ്പുകാർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഭരണകക്ഷിയിൽ സ്വാധീനമുള്ള ഉന്നതരുടെ ഇടപെടലിനെ തുടർന്നാണ് അടിയന്തരസ്ഥലംമാറ്റമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. എക്സൈസ് ജീവനക്കാരും അമർഷത്തിലാണ്. അതേസമയം, സ്ഥലം മാറ്റിയത് പ്രൊമോഷന്റെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
 സ്ഥലംമാറ്റവിവാദം അനാവശ്യം: മന്ത്രി രാജേഷ്
യു. പ്രതിഭ എം.എൽ.എയുടെ മകനുൾപ്പെടെയുള്ളവർക്കെതിരെ കഞ്ചാവ് കേസ് രജിസ്റ്റർ ചെയ്ത ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ പി.കെ. ജയരാജിന്റെ സ്ഥലംമാറ്റത്തിലേത് അനാവശ്യ വിവാദമാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. 15 എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർമാർ, 25 അസി. എക്സൈസ് കമ്മിഷണർമാർ എന്നിവരുടെ പ്രമോഷൻ ട്രാൻസ്ഫർ ഓർഡറാണ് പുറത്തിറക്കിയത്. മാദ്ധ്യമവാർത്തകൾ കണ്ടാൽ ഒരാളെ മാത്രം മാറ്റിയെന്ന് തോന്നും. സ്ഥാനക്കയറ്റത്തിന്റെ ഭാഗമായുണ്ടായ സ്ഥലം മാറ്റമാണിത്. ഡി.പി.സി കൂടാൻ താമസിച്ചതിനാലാണ് പട്ടിക വൈകിയത്. ഈ കലണ്ടർ വർഷംതന്നെ ഉത്തരവിറക്കിയില്ലെങ്കിൽ വീണ്ടും ഡി.പി.സി കൂടേണ്ടിവരും. കേസന്വേഷണം കാര്യക്ഷമമായാണ് നടക്കുന്നത്. അതിൽ ബാഹ്യഇടപെടലുകളൊന്നും കണ്ടെത്താൻ കഴിയാത്തവർ സർക്കാരിന്റെ എന്തെങ്കിലും തലയിൽ ചാരാനുള്ള ശ്രമമാണ് നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.