photo

ആലപ്പുഴ: ഓൺലൈനായി ജോലി ചെയ്ത് മികച്ച വരുമാനമുണ്ടാക്കാമെന്ന് പറഞ്ഞ് മെസഞ്ചർ ആപ്ളിക്കേഷനിലൂടെ ഏഴുലക്ഷം രൂപ തട്ടിയെടുത്ത മൂന്ന് അംഗ സംഘത്തിലെ ഒരാൾ അറസ്റ്റിൽ. മലപ്പുറം മൂന്നിയൂർ പഞ്ചായത്ത് ആറാം വാർഡിൽ മൂന്നിയൂർ വെളിമുക്ക് പാലയ്ക്കൽ ഷറഫുദ്ദീനെയാണ് തിരൂരങ്ങാടിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ആലപ്പുഴ അവലൂക്കുന്ന് സ്വദേശിയിൽ നിന്ന് 6,97,551രൂപ തട്ടിയെടുത്ത സംഘത്തിലെ പ്രധാനിയാണ് ഷറഫുദ്ദീൻ.

ഫീനിക്‌സ് മിൽസ് എന്ന സ്ഥാപനത്തിന്റെ എച്ച്.ആർ ആണെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. പരാതിക്കാരന്റെയും പ്രതികളുടെയും വിവിധ ബാങ്ക് അക്കൗണ്ടുകളും ഫോൺ കോളുകളും പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. മയക്കുമരുന്ന് കേസിലും മഹാരാഷ്ട്രാ, തമിഴ്‌നാട് എന്നിവിടങ്ങളിൽ സാമ്പത്തിക തട്ടിപ്പ് കേസിലും ഇയാൾ പ്രതിയാണ്. സുഹൃത്തുക്കളും തിരൂരങ്ങാടി സ്വദേശികളുമായ ഹംസ, റാഫി എന്നിവർക്ക് തട്ടിപ്പിൽ പങ്കുള്ളതായും വൈകാതെ ഇവരും പിടിയിലാകുമെന്നും ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറിയിച്ചു.

ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസ് പി.ജോർജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ നെഹൽ. എസ്, സിവിൽ പൊലീസ് ഓഫീസർമാരായ റികാസ്, അജിത് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.