മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് രണ്ടാം വാർഡിലെ ഗ്രാമസഭ കാവുങ്കലിലെ പഞ്ചായത്ത് എൽ.പി. സ്കൂളിൽ വച്ച് ശനിയാഴ്ച നടത്തിയത് വാർഡ് നിവാസികളെ അറിയിക്കാതെയാണെന്ന് പരാതി. ഹരിത കർമ്മ സേനാംഗങ്ങൾ പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിക്കുന്നതിനായി വീട്ടിൽ എത്തിയപ്പോഴാണ് വാർഡിലെ ഗ്രാമ സഭ ഇന്ന് നടക്കുന്ന വിവരം അറിഞ്ഞതെന്ന് പരാതിക്കാരനായ വെളിയിൽ സുദേശൻ പറഞ്ഞു. ഗ്രാമസഭയിൽ പങ്കെടുക്കേണ്ടതുള്ളതുക്കൊണ്ട് ഉടനെ സ്ഥലത്തെത്തിയെങ്കിലും വാർഡ് നിവാസികളെ അറിയിക്കാതിരുന്നതിനാൽ മുപ്പതിൽ താഴെ ആളുടെ പങ്കാളിത്തമാണ് അവിടെ ഉണ്ടായിരുന്നതെന്നും സുദേശൻ പറഞ്ഞു. പഞ്ചായത്തിൽ അന്ന് തന്നെ പരാതി നൽകുകയും ചെയ്തു. അടുത്ത ദിവസം വാർഡ് നിവാസികൾ മാസ് പെറ്റീഷൻ തയ്യാറാക്കിയും പഞ്ചായത്തിന് പരാതി സമർപ്പിച്ചിട്ടുണ്ട്. എല്ലാവർക്കും അർഹതപ്പെട്ട ആനുകൂല്യങ്ങൾ ചിലരിലേക്ക് മാത്രം ചുരുക്കുന്നതിനാണ് വാർഡ് നിവാസികളെ അറിയിക്കാതെ ഗ്രാമസഭ ചേർന്നതെന്ന ആരോപണവുമുണ്ട്.