
ആലപ്പുഴ: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി വിരുദ്ധ വാരം ആചരിക്കുന്നതിന്റെ പ്രചരണാർത്ഥം ആലപ്പുഴ നഗരസഭ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. നഗരസഭാ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം ജീവനക്കാർ, വ്യാപാരി സംഘടനാ ഭാരവാഹികൾ, ശുചീകരണ തൊഴിലാളികൾ, ഹരിതകർമ്മസേനാംഗങ്ങൾ എന്നിവർ പങ്കെടുത്ത് മുല്ലക്കൽ സീറോ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് നഗരചത്വരം വരെയാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. മാലിന്യങ്ങൾ പൊതു ഇടങ്ങളിലും തെരുവോരങ്ങളിലും വലിച്ചെറിയാതെ ടിൻ ബിന്നുകളിൽ തരംതിരിച്ച് നിക്ഷേപിക്കുക, എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ടിൻ ബിന്നുകൾ സ്ഥാപിക്കുക, വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുള്ള ഉറവിട മാലിന്യ സംസ്‌കരണ ഉപാധികൾ പൂർണമായും പ്രവർത്തന സജ്ജമാക്കുക, ടിൻ ബിന്നുകൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് നിരീക്ഷണ ക്യാമറകൾ സജ്ജമാക്കുക എന്നിവയാണ് വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.
നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ, സ്ഥിരം സമിതി അദ്ധ്യക്ഷരായ എ.എസ്.കവിത, എം.ആർ.പ്രേം, എം.ജി.സതീദേവി, കക്ഷി നേതാക്കളായ പി.രതീഷ്, സലിം മുല്ലാത്ത്, നസീർ പുന്നക്കൽ, കൗൺസിലർമാർ, ഹെൽത്ത് ഓഫീസർ കെ.പി.വർഗീസ്, നോഡൽ ഓഫീസർ സി.ജയകുമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ, വ്യാപാരി സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.