
ന്യൂഡൽഹി: അധോലോക ബന്ധവും ഭീഷണിപ്പെടുത്തി പണം തട്ടിയന്ന ആരോപണവും നേരിടുന്ന ഡൽഹിയിലെ ആം ആദ്മി എം.എൽ.എ നരേഷ് ബല്യാനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു. ഇന്നലെ റൗസ് അവന്യു കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അധോലോക കുറ്റവാളി നന്ദുവെന്ന കപിൽ സംഗ്‌വാനുമായി നരേഷ് ബല്യാന്റെ ബന്ധം തെളിയിക്കുന്നുവെന്ന മട്ടിലുള്ള ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു. ബിസിനസ് പ്രമുഖനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ഇരുവരും തമ്മിൽ സംസാരിക്കുന്ന നിലയിലുള്ള ക്ലിപ്പ് പൊലീസ് പരിശോധിച്ചു. ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
 ഇരവാദമുയർത്തി കേജ്‌രിവാൾ
കപിൽ സംഗ്‌വാനെതിരെ പൊലീസിന് പരാതി നൽകിയതിനാലാണ് നരേഷ് ബല്യാനെ അറസ്റ്റ് ചെയ്‌തതെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ. പണം ആവശ്യപ്പെട്ട് ബല്യാനെ അധോലോക ക്രിമിനൽ വിളിച്ചിരുന്നു. എം.എൽ.എ ഇരയാണെന്നും ധൈര്യമുണ്ടെങ്കിൽ അധോലോക കുറ്റവാളികളെ പിടികൂടാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടപടിയെടുക്കണമെന്നും കേജ്‌രിവാൾ പ്രതികരിച്ചു. കേജ്‌രിവാളിന്റെ ക്രിമിനൽ മുഖം വെളിപ്പെട്ടെന്ന് ബി.ജെ.പി ഡൽഹി ഘടകം അദ്ധ്യക്ഷൻ വിരേന്ദ്ര സച്ച്ദേവ തിരിച്ചടിച്ചു.