
ന്യൂഡൽഹി: ഒരു പോളിംഗ് സ്റ്റേഷനിലെ പരമാവധി വോട്ടർമാരുടെ എണ്ണം 1200ൽ നിന്ന് 1500 ആക്കി വർദ്ധിപ്പിച്ച നടപടിയിൽ സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം തേടി. തീരുമാനത്തിന് പിന്നിലെ യുക്തി എന്തെന്ന് അറിയിക്കണം. ഒരു വോട്ടറും ബുദ്ധിമുട്ടിലാകരുത്. ഒരു ഇ.വി.എമ്മിൽ മണിക്കൂറിൽ 45 വോട്ടുകൾ മാത്രമാണ് രേഖപ്പെടുത്തുന്നതെങ്കിൽ, രാവിലെ മുതൽ വൈകിട്ടുവരെ വോട്ടർമാർ വലിയ തോതിലെത്തിയാൽ എങ്ങനെ കൈകാര്യം ചെയ്യും.
വോട്ടർമാരുടെ നീണ്ട കാത്തുനിൽപ്പ് ഒഴിവാക്കാനും, വോട്ടു ചെയ്യാതെ പിന്തിരിയുന്നില്ലെന്ന് ഉറപ്പാക്കാനും സ്വീകരിച്ച നടപടികൾ കമ്മിഷൻ അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു. 2019ലാണ് ഇതുസംബന്ധിച്ച തീരുമാനം കമ്മിഷൻ എടുത്തത്. ആക്‌ടിവിസ്റ്റായ ഇന്ദു പ്രകാശ് സിംഗ് സമർപ്പിച്ച പൊതുതാത്പര്യഹർജിയെ തിരഞ്ഞെടുപ്പ് കമ്മിഷൻ എതിർത്തു. എന്നാൽ, മൂന്നാഴ്ചയ്‌ക്കകം സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി.വി.സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. വിഷയം ജനുവരി 17ന് വീണ്ടും പരിഗണിക്കും
കമ്മിഷൻ തീരുമാനം ഏകപക്ഷീയമാണെന്നും, കണക്കുകളുടെ അടിസ്ഥാനത്തിൽ അല്ലെന്നും ഹർജിക്കാരിയുടെ അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി വാദിച്ചു. പോളിംഗ് സ്റ്റേഷനുകളിൽ വോട്ടർമാരുടെ എണ്ണം കൂടുമ്പോൾ വരിയും നീളും. നീണ്ട കാത്തിരിപ്പ് വോട്ടർമാരെ പിന്തിരിപ്പിച്ചേക്കുമെന്നും ചൂണ്ടിക്കാട്ടി.
'പരോക്ഷമായ ആക്രമണം'
അഞ്ചുവർഷമായ തീരുമാനത്തിൽ ഇതുവരെ കാര്യമായ പരാതികൾ വന്നിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗ് അറിയിച്ചു. ഒരു സ്റ്റേഷനിലെ ഒന്നിലധികം പോളിംഗ് ബൂത്തുകൾ സുഗമമായ വോട്ടിംഗ് പ്രക്രിയ ഉറപ്പാക്കുന്നുണ്ട്. തീരുമാനത്തിന് മുൻപ് എല്ലാ രാഷ്ട്രീയ പാർട്ടികളുമായും കൂടിയാലോചന നടത്തിയിരുന്നു. ഹർജി ഇ.വി.എം സംവിധാനത്തിന് എതിരെയുള്ള പരോക്ഷമായ ആക്രമണമാണെന്നും വ്യക്തമാക്കി.