noida-kissan

ന്യൂഡൽഹി: ദേശീയപാതാ വികസനത്തിന് ഉൾപ്പെടെ ഏറ്റെടുത്ത ഭൂമിക്ക് ന്യായമായ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെ സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിൽ നൂറുകണക്കിന് കർഷകർ ഡൽഹി- യു.പി അതിർത്തിയിൽ തമ്പടിച്ചു. ഇന്നലെ പാർലമെന്റ് മാർച്ചിനായി ട്രാക്‌ടറുകളിലും പദയാത്രയായും നീങ്ങിയ വനിതകൾ അടക്കമുള്ള സംഘത്തെ അതിർത്തിയിൽ പൊലീസ് തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി. മണിക്കൂറുകളോളം ഗതാഗതം സ്‌തംഭിച്ചു.

റവന്യു അധികൃതരും, പൊലീസും കർഷകരുമായി ചർച്ച നടത്തി. ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി സമരക്കാരെ കാണുമെന്നും, ആവശ്യങ്ങളിൽ ചർച്ച നടത്തുമെന്നും ഉറപ്പു ലഭിച്ചതിനെ തുടർന്ന് രാത്രിയോടെ റോഡ് ഉപരോധം താത്കാലികമായി അവസാനിപ്പിച്ചു. എന്നാൽ, നോയിഡ-ഡൽഹി ദേശീയപാതയിലെ ദളിത് പ്രേരണാസ്ഥലിൽ കർഷകരുടെ പ്രതിഷേധം തുടരും.

നോയിഡ, ഗ്രേറ്റർ നോയിഡ, യമുനാ എക്‌സ്‌പ്രസ് വേ മേഖലയിലെ ദേശീയപാതാ വികസനത്തിന് അടക്കമാണ് കർഷകർ ഭൂമി വിട്ടുകൊടുത്തത്. തൊഴിലും, പുനരധിവാസവും ഉറപ്പാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. വികസിപ്പിച്ച മേഖലയുടെ 10 ശതമാനം ഭൂവുടമകൾക്ക് കൈമാറണം. കർഷകരുടെ ആവശ്യം ഉത്തർപ്രദേശ് മുഖ്യമന്ത്രി അംഗീകരിക്കണമെന്ന് സംയുക്ത കിസാൻ മോർച്ചയും, അഖിലേന്ത്യാ കിസാൻ സഭയും ആവശ്യപ്പെട്ടു.