
നാലാം തവണ ഡൽഹി മുഖ്യമന്ത്രിയാകുമോ, ആംആദ്മി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ? അതത്ര എളുപ്പമല്ലെന്നാണ് രാജ്യ തലസ്ഥാനത്തെ സംസാരം. ഭരണവിരുദ്ധ വികാരമുണ്ടെന്ന് ആംആദ്മി പാർട്ടി തിരിച്ചറിഞ്ഞിട്ടുമുണ്ട്. രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെയും ടീമിന്റെയും സേവനം 2020-ലെ പോലെ ഇത്തവണയും കേജ്‌രിവാൾ തേടിയിരിക്കുന്നു. പ്രശാന്ത് കിഷോറിന്റെ 'ഐ- പാക്' കൺസൾട്ടൻസി ഗ്രൂപ്പിന്റെ ആദ്യസംഘം ഡൽഹിയിലെത്തി പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. അടുത്തയാഴ്ചയോടെ അമ്പതിൽപ്പരം പേരടങ്ങുന്ന അടുത്ത സംഘമെത്തും. ഭരണവിരുദ്ധ വികാരം മറികടക്കാൻ ഫീൽഡിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും അവർ പ്രവർത്തിക്കും.
ആംആദ്മി പാർട്ടിയുടെ സാമൂഹിക മാദ്ധ്യമ വിഭാഗം ഇപ്പോൾത്തന്നെ ശക്തമാണ്. പ്രശാന്ത് കിഷോറിന്റെ ടീമും കൂടിയെത്തുന്നതോടെ പ്രചാരണം കൊടുമ്പിരിക്കൊള്ളും. 80 ദിവസത്തോളം തുടർച്ചയായി ജനങ്ങൾക്കിടയിൽ പ്രചാരണം നടത്തി ജനവികാരം കേജ്‌രിവാളിന് അനുകൂലമാക്കി മാറ്റിയെടുക്കാനാണ് ശ്രമം. ഇതിനാവശ്യമായ തന്ത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഡൽഹിയിൽ 70 നിയമസഭാ സീറ്റാണുള്ളത്. ഫെബ്രുവരി 15-ന് നിലവിലെ നിയമസഭയുടെ കാലാവധി തീരും. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ആയിരിക്കും തിരഞ്ഞെടുപ്പ്.
ക്രൈം റേറ്റിൽ
കേന്ദ്രീകരിച്ച്
രാജ്യ തലസ്ഥാനത്ത് അധോലോക കുടിപ്പകയും വെടിവയ്പ്പുകളും സ്‌ഫോടനങ്ങളും കൊലപാതകങ്ങളും തുടർക്കഥയാകുന്നത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പരമാവധി ആയുധമാക്കാനാണ് ആംആദ്മി പാർട്ടിയുടെ തീരുമാനം. പ്രശാന്ത് വിഹാറിൽ ഒരുമാസം മുമ്പ് സ്‌ഫോടനം നടന്ന മേഖലയ്‌ക്കടുത്ത് വീണ്ടും സ്‌ഫോടനമുണ്ടായപ്പോൾ കേന്ദ്ര സർക്കാരിനെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അതിരൂക്ഷമായാണ് കേജ്‌രിവാൾ കുറ്റപ്പെടുത്തിയത്.
ക്രിമിനൽ സംഘാംഗങ്ങളുടെ ഏറ്റുമുട്ടലിൽ അടുത്തിടെ ഇരുപതിലധികം പേർ മരിച്ചത് ചൂണ്ടിക്കാട്ടി. അധോലോക സംഘങ്ങൾ അഴിഞ്ഞാടിയ തൊണ്ണൂറുകളിലെ മുംബയ് പോലെയാണ് ഡൽഹിയുടെ ഇപ്പോഴത്തെ അവസ്ഥയെന്ന് മുഖ്യമന്ത്രി അതിഷി ആരോപിക്കുന്നു. ഡൽഹി പൊലീസിന്റെ നിയന്ത്രണം കേന്ദ്ര സർക്കാരിനാണ്. കേന്ദ്രത്തിന് കഴിയില്ലെങ്കിൽ സംസ്ഥാന സർക്കാരിന് അധികാരം നൽകൂ എന്ന് ആംആദ്മി പാർട്ടി നിരന്തരം പറയുന്നുണ്ട്. ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ അത് തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.
ശൗര്യത്തോടെ
ബി.ജെ.പി
ഇത്തവണ കേജ്‌രിവാളിനെ മലർത്തിയടിക്കാൻ എല്ലാ അസ്ത്രവും തൊടുക്കാനാണ് ബി.ജെ.പി തീരുമാനം. അഴിമതിക്കെതിരെ പൊരുതുന്ന വ്യക്തിയെന്ന കേജ്‌രിവാളിന്റെ പ്രതിച്ഛായ തകർന്നുവെന്ന് നേതാക്കൾ ആവർത്തിച്ച് പ്രചരിപ്പിക്കുന്നു. പ്രതിച്ഛായാ നഷ്‌ടമുണ്ടെന്നത് യാഥാർത്ഥ്യമാണെന്ന് രാഷ്ട്രീയ നിരീക്ഷകരും സമ്മതിക്കുന്നുണ്ട്. ഡൽഹിയിൽ ആംആദ്മി പാർട്ടി കൊണ്ടുവരുന്ന വികസനം അട്ടിമറിക്കാനാണ് മദ്യനയക്കേസ് കെട്ടിച്ചമച്ച് നേതാക്കളെ ജയിലിലിട്ടതെന്ന് കേജ്‌രിവാൾ വാദിക്കുന്നുണ്ടെങ്കിലും ജനങ്ങൾക്കിടയിൽ സംശയത്തിന്റെ അന്തരീക്ഷം രൂപപ്പെടുത്താൻ ബി.ജെ.പിക്ക് സാധിച്ചിട്ടുണ്ട്. തിഹാർ ജയിലിൽ അടയ്‌ക്കപ്പെട്ട ആംആദ്മി നേതാക്കളുടെ ഇരവാദം തിരഞ്ഞെടുപ്പിൽ എത്രത്തോളം ചെലവാകുമെന്നതും സംശയമാണ്. യമുനയിലെ മാലിന്യം, അഴിമതി, ദുർഭരണം തുടങ്ങിയവ ആം അദ്മിക്കെതിരെ ബി.ജെ.പിയുടെ മുഖ്യ പ്രചാരണായുധങ്ങളാണ്. ഇന്ന് (ഡിസംബർ എട്ട്) മുതൽ 20 വരെ പാർട്ടി 'പരിവർത്തൻ യാത്ര" സംഘടിപ്പിക്കുണ്ട്.
സൗജന്യങ്ങൾ
നിർണായകം
ഡൽഹിയിലെ കടുത്ത ജീവിതച്ചെലവിനിടയിൽ ആംആദ്മി സർക്കാർ നൽകുന്ന സൗജന്യങ്ങൾ ജനങ്ങൾക്ക് വലിയ സഹായമാണ്. 200 യൂണിറ്റ് വരെ മാത്രം ഉപഭോഗമുള്ളവർക്ക് സൗജന്യ വൈദ്യുതി, കുടിവെള്ള സബ്‌സിഡി, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, മൊഹല്ല ക്ലിനിക്കുകൾ, ആരോഗ്യ പദ്ധതികൾ തുടങ്ങിയവ ജനങ്ങളെ ഇപ്പോഴും ആകർഷിച്ചു നിറുത്തുന്നു.
ഇതു തിരിച്ചറിഞ്ഞ ബി.ജെ.പി നേതൃത്വം, അതിനെ മറികടക്കാൻ ശ്രമം തുടങ്ങി. തങ്ങൾ അധികാരത്തിലെത്തിയാലും മിക്ക സൗജന്യങ്ങളും തുടരുമെന്ന് ബി.ജെ.പിയുടെ പ്രകടനപത്രിക തയ്യാറാക്കുന്ന രാംവീർ സിംഗ് ബിധുരി പറഞ്ഞത് ശ്രദ്ധേയമാണ്. സൗജന്യങ്ങളിൽത്തട്ടി തങ്ങളുടെ വിജയസാദ്ധ്യതയ്‌ക്ക് മങ്ങലുണ്ടാകരുതെന്ന നിലപാടിലാണ് ബി.ജെ.പി നേതൃത്വം. കേന്ദ്രസർക്കാരിന്റെ 'ആയുഷ്‌മാൻ ഭാരത് യോജന" ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി ഡൽഹിയിലും നടപ്പാക്കുമെന്ന് പാർട്ടി വാഗ്ദാനം ചെയ്യുന്നു. പദ്ധതി ഡൽഹിയിൽ നടപ്പാക്കാത്തതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ വിമർശനമുന്നയിച്ചിരുന്നു.
ഇന്ദ്രപ്രസ്ഥത്തിലെ
അധികാരപ്പോര്
കേന്ദ്രവും ഡൽഹി സർക്കാരും തമ്മിൽ രൂക്ഷമായ അധികാരപോരാണ് നടക്കുന്നത്. വിവിധ വിഷയങ്ങളിൽ സുപ്രീംകോടതിയിൽ വരെ കേസ് നടക്കുന്നു. ജനാധിപത്യത്തിലൂടെ ഭരണത്തിലെത്തിയ സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ കേന്ദ്ര സർക്കാരും ലഫ്റ്റനന്റ് ഗവർണറും നിരന്തരം ശ്രമിക്കുന്നുവെന്ന ആംആദ്മി പാർട്ടിയുടെ പ്രചാരണം തിരഞ്ഞെടുപ്പിൽ സജീവ വിഷയമാണ്. എന്നാൽ, അഴിമതിയും ദുർഭരണവും കണ്ടാൽ ഇടപെടുകയെന്നത് സ്വാഭാവിക നടപടിയാണെന്ന് ബി.ജെ.പിയും തിരിച്ചടിക്കുന്നു. മദ്യനയക്കേസിൽ സി.ബി.ഐ കേസിന് ശുപാർശ നൽകിയത് ലഫ്റ്റനന്റ് ഗവർണറാണ്. വായു മലിനീകരണം, പടക്കം പൊട്ടിക്കൽ, പാടം കത്തിക്കൽ തുടങ്ങിയവയിലും പരസ്‌പരം കുറ്റപ്പെടുത്തുന്നു. ഇവയെല്ലാം തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചേക്കും.
കോൺഗ്രസ് സഖ്യം കേജ്‌രിവാൾ തള്ളിയതോടെ, 'ഇന്ത്യാ" സഖ്യമില്ലെന്ന് ഉറപ്പായിട്ടുണ്ട്. ആംആദ്മി- ബി.ജെ.പി- കോൺഗ്രസ് പോരാട്ടമാണ് ഡൽഹിയിൽ ഇക്കുറി അരങ്ങേറുക. ഇത്തവണയെങ്കിലും പൂജ്യമാകാതിരിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. 2015-ലും 2020-ലും 'സംപൂജ്യ"മായിരുന്നു കോൺഗ്രസിന്റെ അനുഭവം! നഷ്‌ടപ്രതാപം വീണ്ടെടുത്ത് കരുത്തു തെളിയിക്കാനുള്ള പ്രചാരണ പരിപാടികളിലാണ് പാർട്ടി. ഇപ്പോൾ നടക്കുന്ന 'ന്യായ് യാത്ര" പാർട്ടിയുടെ സ്വീകാര്യത വർദ്ധിപ്പിക്കുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു.
ആം ആദ്മിക്ക് 58
ബി.ജെ.പിക്ക് 07
2020-ൽ 62 എം.എൽ.എമാർ ആംആദ്മി പാർട്ടിക്കുണ്ടായിരുന്നു. മന്ത്രി കൈലാഷ് ഗെലോട്ടും എം.എൽ. എമാരായിരുന്ന രാജ്കുമാർ ആനന്ദും കർതാർ സിംഗ് തൻവാറും രാജിവച്ച് ബി.ജെ.പിയിൽ ചേർന്നു. രാജേന്ദ്ര പാൽ ഗൗതം കോൺഗ്രസിൽ ചേർന്നു. ബി,ജെ.പിക്ക് 2020-ൽ എട്ട് എം.എൽ.എമാർ ഉണ്ടായിരുന്നെങ്കിലും മുതിർന്ന നേതാവ് രാംവീർ സിംഗ് ബിധുരി ലോക്‌സഭാ എം.പിയായി.
വോട്ട് വിഹിതം
2020-ൽ
ആംആദ്മി പാർട്ടി: 53.7%
ബി.ജെ.പി: 38.51%
കോൺഗ്രസ്: 4.26%