
ന്യൂഡൽഹി : ദേശീയപാത വികസനത്തിന് ഉൾപ്പെടെ ഏറ്റെടുത്ത ഭൂമിക്ക് ന്യായമായ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ഡൽഹി - ഉത്തർപ്രദേശ് അതിർത്തിയിൽ തമ്പടിച്ച്സമരം ചെയ്ത 250ൽപ്പരം കർഷകരെ പൊലീസ് അറസ്റ്റു ചെയ്‌തു നീക്കി. നോയിഡ ഡൽഹി ദേശീയപാതയിലെ ദളിത് പ്രേരണാസ്ഥലിൽ ഉത്തർപ്രദേശിലെ കർഷകരാണ് തമ്പടിച്ചിരുന്നത്.
യു.പിയിലെ നോയിഡ, ഗ്രേറ്റർ നോയിഡ, യമുനാ എക്‌സ്‌പ്രസ് വേ മേഖലയിലെ ദേശീയപാത വികസനത്തിന് അടക്കമാണ് ഭൂമി വിട്ടുകൊടുത്തത്.
ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി കൂടിക്കാഴ്ചയ്ക്ക് എത്താമെന്നും ചർച്ച നടത്താമെന്നും ഉറപ്പു ലഭിച്ചതിനെ തുടർന്ന് തിങ്കളാഴ്ച രാത്രി റോഡ് ഉപരോധം താത്കാലികമായി അവസാനിപ്പിച്ച് സമരം തുടരുകയായിരുന്നു. കൂടുതൽ കർഷകർ സമരസ്ഥലത്തേക്ക് വരുന്നതിനെ പൊലീസ് തടഞ്ഞത് വാക്കുതർക്കത്തിനിടയാക്കി. ഇതോടെയാണ് സ്ത്രീകൾ അടക്കമുള്ള കർഷകരെ അറസ്റ്റ് ചെയ്‌ത് ഒഴിപ്പിച്ചത്
പല കർഷക നേതാക്കളെയും വീട്ടുതടങ്കലിലാക്കിയെന്ന് സംയുക്ത കിസാൻ മോർച്ച ആരോപിച്ചു. ഭാരതീയ കിസാൻ യൂണിയൻ ഇന്ന് മുസാഫർനഗറിൽ കർഷക പഞ്ചായത്തിന് ആഹ്വാനം ചെയ്‌തു.