x

#രണ്ടാഴ്ച്ചയ്‌ക്കകം റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറും

ന്യൂഡൽഹി : മാസപ്പടി ആരോപണത്തിലെ എസ്.എഫ്.ഐ.ഒ അന്വേഷണം അന്തിമഘട്ടത്തിലെന്ന് വ്യക്തമാക്കി ഡൽഹി ഹൈക്കോടതിയിൽ സത്യവാങ്മൂലം. ഡൽഹിയിലെ രജിസ്ട്രാർ ഒഫ് കമ്പനീസായി പ്രവർത്തിക്കുന്ന പ്രണയ് ചതുർവേദിയാണ് സത്യവാങ്മൂലം സമർപ്പിച്ചത്.

രണ്ടാഴ്ച്ചയ്‌ക്കകം അന്വേഷണ റിപ്പോർട്ട് കേന്ദ്രസർക്കാരിന് കൈമാറും. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പെടെ 20 പേരുടെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ സെപ്‌തംബർ ഒൻപതിനാണ് വീണയുടെ മൊഴിയെടുത്തത്. റിപ്പോർട്ട് കേന്ദ്രം പരിശോധിച്ച് നിയമോപദേശം തേടും. പ്രോസിക്യൂഷൻ നടപടിയിലേക്ക് പോകണമെന്ന് കേന്ദ്രത്തിന് ബോദ്ധ്യപ്പെട്ടാൽ, കമ്പനീസ് ആക്‌ട് പ്രകാരം ഉത്തരവാദികൾക്കെതിരെ നടപടി നിർദ്ദേശിക്കാൻ കഴിയും..ഡിയുടെയും എസ്.എഫ്.ഐ.ഒയുടെയും അന്വേഷണം റദ്ദാക്കണമെന്ന സി.എം.ആർ.എല്ലിന്റെ ഹർജിയിലാണ് സത്യവാങ്മൂലം.

ആദായനികുതി വകുപ്പ് പിടിച്ചെടുത്ത രേഖകളടക്കം അന്വേഷണ ഏജൻസികൾക്ക് കൈമാറരുതെന്ന് ഹർജിയിൽ സി.എം.ആർ.എൽ ആവശ്യമുന്നയിച്ചിട്ടുണ്ട്. ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് തീർപ്പാക്കിയ വിഷയത്തിൽ

മറ്റു അന്വേഷണങ്ങളുടെ ആവശ്യമില്ലെന്നാണ് കരിമണൽ കമ്പനിയുടെ വാദം. എന്നാൽ, ഹർജിയിൽ മെറിറ്രില്ലാത്തതിനാൽ തള്ളണമെന്ന് എസ്.എഫ്.ഐ.ഒ ആവശ്യപ്പെട്ടു. കമ്പനിയുടെ രേഖകൾ പരിശോധിച്ചെന്നും അറിയിച്ചു.

ഹർജിയിൽ ഡൽഹി ഹൈക്കോടതി . ഇന്ന് അന്തിമവാദം കേൾക്കുമെന്ന്, നവംബർ 12ന് കേസ് പരിഗണിച്ചപ്പോൾ പറഞ്ഞിരുന്നു. കക്ഷി ചേരാൻ ബി.ജെ.പി നേതാവും അഭിഭാഷകനുമായ ഷോൺ ജോർജ് നൽകിയ അപേക്ഷയും പരിഗണിച്ചേക്കും.