
ന്യൂഡൽഹി: മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മുംബയ് ആസാദ് മൈതാനിയിൽ ഇന്ന് വൈകിട്ട് 5ന് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. എൻ.സി.പി നേതാവ് അജിത് പവാറും അതൃപ്തിയിലായിരുന്ന ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ഏതാനും മന്ത്രിമാരും അധികാരമേറ്റേക്കും.
ഇതോടെ മുഖ്യമന്ത്രിയെ ചൊല്ലി 11 ദിവസം നീണ്ട സസ്പെൻസിന് വിരാമമായി. ഇന്നലെ ബി.ജെ. പി നിയമസഭാ കക്ഷി യോഗത്തിൽ ഫഡ്നാവിസിനെ നേതാവായി തിരഞ്ഞെടുത്തിരുന്നു. പിന്നാലെ പ്രഖ്യാപനം വന്നു. യോഗത്തിൽ ബി.ജെ.പി നിരീക്ഷക വിജയ് രുപാണിയാണ് ഫഡ്നാവിസിനെ നിർദ്ദേശിച്ചത്. പങ്കജ് മുണ്ടെ അടക്കം നേതാക്കൾ പിന്താങ്ങി. തുടർന്ന് ഫഡ്നാവിസ് ശിവസേന അദ്ധ്യക്ഷനും കാവൽ മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡെ, എൻ.സി.പി നേതാവ് അജിത് പവാർ എന്നിവർക്കൊപ്പം ഗവർണർ സി.പി. രാധാകൃഷ്ണനെ കണ്ടു. പിന്നീട് ഗവർണറുടെ ഒാഫീസ് സത്യപ്രതിജ്ഞാ വിവരം പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ ഫഡ്നാവിസ് ബി.ജെ.പിയുടെ 'ഇരട്ട എൻജിൻ" സർക്കാർ മഹാരാഷ്ട്രയിൽ വികസനം കൊണ്ടുവരുമെന്ന് പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മഹായുതി മുന്നണി 288-ൽ 230 സീറ്റ് നേടി ഭരണം ഉറപ്പിച്ചിരുന്നു. ഏറ്റവും വലിയ കക്ഷിയായ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ തീരുമാനിച്ചത് ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ ആദ്യം അംഗീകരിച്ചില്ലെങ്കിലും ബി.ജെ.പിയുടെ സമ്മർദ്ദത്തിന് വഴങ്ങുകയായിരുന്നു.
54കാരനായ ഫഡ്നാവിസിന് മുഖ്യമന്ത്രിയായി മൂന്നാമൂഴമാണ്. 2014-2019ലാണ് ആദ്യ ടേം. 2019ൽ ശിവസേനയുമായുള്ള ഭിന്നതയെ തുടർന്ന് എൻ.സി.പി നേതാവ് അജിത് പവാറിന്റെ സഹായത്തോടെ മുഖ്യമന്ത്രിയായെങ്കിലും ഭൂരിപക്ഷം തെളിയിക്കാനാകാതെ അഞ്ചു ദിവസം മാത്രമായിരുന്നു ആയുസ്.