
ന്യൂഡൽഹി : പുരുഷന്മാർക്ക് ആർത്തവം ഉണ്ടായാലേ അതിന്റെ ബുദ്ധിമുട്ട് ബോദ്ധ്യപ്പെടൂ എന്ന് സുപ്രീംകോടതി. ഗർഭഛിദ്രത്തിന് വിധേയയായ വനിതാ ജഡ്ജിയെ ഉൾപ്പെടെ മോശം പ്രകടനം ആരോപിച്ച് മദ്ധ്യപ്രദേശ് ഹൈക്കോടതി പുറത്താക്കിയതിനെയാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എൻ. കോട്ടീശ്വർ സിംഗ് എന്നിവരുടെ ബെഞ്ചിന്റെ വിമർശനം.
വനിതാ ജഡ്‌ജിമാർ മാനസികമായും ശാരീരികമായും കഷ്‌ടപ്പെടുമ്പോൾ, ജോലിയിൽ ശുഷ്കാന്തി ഇല്ലന്ന് പറഞ്ഞ് പിരിച്ചുവിടുകയല്ല വേണ്ടത്.ആ
സമയത്ത് അവർ എത്ര കേസ് തീർപ്പാക്കി എന്നത് പ്രകടനത്തിന്റെ അളവുകോലാക്കരുത്.
അദിതി കുമാർ ശർമ്മ എന്ന വനിതാ ജഡ്‌ജിയുടെ ഗർഭം അലസി. സഹോദരന് കാൻസർ കണ്ടെത്തി. ഗർഭച്ഛിദ്രത്തിന് വിധേയയായ സ്ത്രീയുടെ മാനസികവും ശാരീരികവുമായ കഷ്‌ടപ്പാട് അറിയാമോ ? പുരുഷന്മാർക്ക് ആർത്തവമുണ്ടായാലേ അതിന്റെ ബുദ്ധിമുട്ട് മനസിലാവൂ. പുരുഷ ജഡ്‌ജിമാർക്കും ഇത്തരം മാനദണ്ഡം വച്ചാൽ എന്തു സംഭവിക്കുമെന്ന് തങ്ങൾക്കറിയാം.
സ്വമേധയാ കേസ്
2023ലാണ് സരിത ചൗധരി, പ്രിയാ ശർമ്മ, രചനാ അതുൽക്കർ ജോഷി, അദിതി കുമാർ ശർമ്മ, സൊണാക്ഷി ജോഷി, ജ്യോതി ബർഖഡെ എന്നീ സിവിൽ ജഡ്‌ജിമാരെ മദ്ധ്യപ്രദേശ് ഹൈക്കോടതി മോശം പ്രകടനത്തിന് പുറത്താക്കിയത്. ഇതിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. പുറത്താക്കൽ പുന:പരിശോധിക്കാൻ ഹൈക്കോടതിക്ക് നിർദ്ദേശം നൽകി. നാലു പേരെ തിരിച്ചെടുത്തെങ്കിലും, സരിത ചൗധരിയും അദിതി കുമാർ ശർമ്മയും എന്നിവർ പുറത്താണ്. ഇതാണ് സുപ്രീംകോടതിയെ ചൊടിപ്പിച്ചത്. ഡിസംബർ 12ന് വീണ്ടും പരിഗണിക്കും.