
തുക യു.പി സർക്കാർ കൊടുക്കണം
ന്യൂഡൽഹി : കവർച്ചാസംഘത്തെ ഒറ്റയ്‌ക്കു നേരിടുകയും സംഘത്തലവനെ വധിക്കുകയും ചെയ്‌ത മുൻ പൊലീസുകാരന്റെ ധീരതയ്‌ക്ക് 38 വർഷത്തിനു ശേഷം സുപ്രീംകോടതിയുടെ അംഗീകാരം. ഉത്തർപ്രദേശിലെ രാം യാദവിന് പാരിതോഷികമായി അഞ്ചു ലക്ഷം രൂപ യു.പി സർക്കാർ നൽകണമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. പണത്തിന് വേണ്ടിയല്ല, തന്റെ ധീരത അംഗീകരിച്ചാൽ മതിയെന്ന പൊലീസുകാരന്റെ സത്യസന്ധമായ നിലപാടിനെ കോടതി മുഖവിലയ്‌ക്കെടുക്കുകയായിരുന്നു. 38 വർഷത്തിലേറെയായി അംഗീകരിക്കപ്പെടാത്ത ധീരതയ്‌ക്ക് പാരിതോഷികം ലഭിക്കുക തന്നെ വേണമെന്ന് കോടതി വിധിച്ചു. സ്‌തുത്യർഹ സേവനത്തിന് കമൻഡേഷൻ സർട്ടിഫിക്കറ്റ് നൽകാൻ തയ്യാറാണെന്നാണ് യു.പി സർക്കാർ അറിയിച്ചത്.
രാം യാദവ് പുപ്പുലി
1986 മാർച്ച് 10ന് ഉത്തർപ്രദേശിലെ ബാൻഡ ജില്ലയിലായിരുന്നു സംഭവം. രാത്രി ബസിൽ യാത്ര ചെയ്യുകയായിരുന്നു രാം യാദവ്. മോഷ്‌ടാക്കളുടെ വിഹാരകേന്ദ്രത്തിലൂടെ കടന്നുപോകവെ, വാഹനങ്ങളിലെത്തിയവർ ബസിനെ തടഞ്ഞുനിറുത്തി. കവർച്ചാസംഘം വെടിയുതിർത്ത് ഭീകരാന്തരീക്ഷമുണ്ടാക്കിയപ്പോൾ രാം യാദവിലെ പൊലീസുകാരൻ കർമ്മനിരതനായി. സർവീസ് റിവോൾവർ എടുത്ത് വെടിവച്ചു. സംഘത്തലവനെ വധിച്ചു. ഭയചകിതരായ കവർച്ചാസംഘം രക്ഷപ്പെട്ടു.
നാലു ദശകത്തോളം
രാഷ്ട്രപതിയുടെ പൊലീസ് മെഡലിനായി രാം യാദവിന്റെ പേര് അന്നത്തെ എസ്.പി ശുപാർശ ചെയ്‌തെങ്കിലും ഒന്നും സംഭവിച്ചില്ല. അധികൃതർ ക്രമേണ മറന്നെങ്കിലും പിന്മാറാൻ പൊലീസുകാരൻ തയ്യാറായില്ല ശുപാർശയിൽ തീരുമാനമെന്തായി എന്നറിയാൻ നിരന്തരം ഉന്നത ഉദ്യോഗസ്ഥർക്ക് എഴുതി. എന്നാൽ, ഫയൽ വകുപ്പിൽ നിന്ന് നഷ്‌ടപ്പെട്ടെന്ന് അറിഞ്ഞു. ഇതോടെ, അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ നാലു ദശകത്തോളമായ വിഷയത്തിൽ ഇടപെട്ടില്ല. ഇതോടെ സുപ്രീംകോടതിയെ സമീപിച്ചു.