
ന്യൂഡൽഹി: മഹാരാഷ്‌ട്രയിൽ 18-ാമത് മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ‌്നാവിസ് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. മുഖ്യമന്ത്രി പദത്തിൽ അദ്ദേഹത്തിന് മൂന്നാമൂഴമാണ്. ശിവസേനാ നേതാവ് ഏക്‌നാഥ് ഷിൻഡെയും എൻ.സി.പി നേതാവ് അജിത് പവാറും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തു. 40,000ത്തോളം പേർ തിങ്ങി നിറഞ്ഞ മുംബയ് ആസാദ് മൈതാനിയിൽ ഇന്നലെ വൈകിട്ട് നടന്ന ചടങ്ങിൽ ഗവർണർ സി.പി. രാധാകൃഷ്‌ണൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെ രാഷ്ട്രീയ, സിനിമാ, കായിക മേഖലയിലെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. പുതിയ സർക്കാരിന് മോദി ആശംസ നേർന്നു. കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗ്, നിതിൻ ഗഡ്‌കരി, ശിവ്‌രാജ് സിംഗ് ചൗഹാൻ, എച്ച്.ഡി. കുമാരസ്വാമി, മുഖ്യമന്ത്രിമാരായ മോഹൻ യാദവ്, യോഗി ആദിത്യനാഥ്, ഭജൻലാൽ ശർമ്മ, വിഷ്‌ണു ദേവ് സായ്, പ്രമോദ് സാവന്ത്, നിതീഷ് കുമാർ, ചന്ദ്രബാബു നായിഡു, ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദ തുടങ്ങിയവർ പങ്കെടുത്തു. രണ്ടാഴ്ചയോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചത്. നവംബർ 20 നടന്ന തിരഞ്ഞെടുപ്പിൽ 288 അംഗ മഹാരാഷ്‌ട്ര നിയമസഭയിൽ 230 സീറ്റു നേടിയ മഹായുതി ഭരണമുറപ്പിച്ചെങ്കിലും മുഖ്യമന്ത്രി പദത്തിലെ തർക്കം നീണ്ടതോടെ സത്യപ്രതിജ്ഞയും വൈകുകയായിരുന്നു. മുഖ്യമന്ത്രി പദം ഒഴിയേണ്ടി വന്നതിലെ നിരാശയിലായിരുന്ന ഷിൻഡെ അവസാന നിമിഷമാണ് സസ്‌പെൻസ് അവസാനിപ്പിച്ച് സത്യപ്രതിജ്ഞ ചെയ്യുമെന്ന് അറിയിച്ചത്.
ചടങ്ങ് താരസമ്പന്നം
ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കർ, ഭാര്യ അഞ്ജലി, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, മാധുരി ദീക്ഷിത്, രൺവീർ സിംഗ്, സൽമാൻ ഖാൻ, രൺബീർ കപൂർ, രൺവീർ സിംഗ്, സഞ്ജയ് ദത്ത്, ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർള, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, മകൻ ആനന്ദ് അംബാനി, നോയൽ ടാറ്റ തുടങ്ങിയവർ പങ്കെടുത്തു.
വി.വി.ഐ.പികളുടെ സാന്നിദ്ധ്യത്താൽ വേദിയിലും മൈതാനിയിലുമായി 4000 ത്തോളം പൊലീസുകാരെ വിന്യസിച്ചിരുന്നു.