
ന്യൂഡൽഹി: അദാനിക്കെതിരായ കോൺഗ്രസ് പ്രതിഷേധത്തെ ഇന്ത്യാ വിരുദ്ധനായ യു.എസ് കോടീശ്വരൻ ജോർജ്ജ് സോറോസുമായി ബന്ധപ്പെടുത്തി നേരിടാൻ ബി.ജെ.പി. കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും ലക്ഷ്യമിട്ട് ബി.ജെ.പി എം.പിമാർ നടത്തിയ പ്രസ്‌താവനയെ ചൊല്ലി പാർലമെന്റ് ഇന്നലെ പ്രക്ഷുബ്‌ധമായി. സോറോസിന് ബന്ധമുള്ള ഒ.സി.സി.ആർ.പിയുടെ ഇന്ത്യാ വിരുദ്ധ വാർത്തകൾ കോൺഗ്രസ് ഏറ്റുപിടിക്കുകയാണെന്ന് പാർട്ടി വക്താവ് സംബിത് പാത്ര ആരോപിച്ചു. കോൺഗ്രസ് കൊവിഡ് വാക്‌സിനെ വിമർശിച്ചതും പെഗസസ് ചാര സോഫ്‌റ്റ് വെയർ ആരോപണം നടത്തിയതും അങ്ങനെയാണ്. സോറോസുമായി ബന്ധമുള്ള രാഹുലിനെ രാജ്യദ്രോഹി എന്ന് വിളിക്കാൻ ഭയമില്ലെന്നും പറഞ്ഞു. ഇതേറ്റെടുത്ത് ലോക്‌സഭയിൽ നിഷികാന്ത് ദുബെയും രാജ്യസഭയിൽ സുധാംശു ത്രിവേദിയും കോൺഗ്രസിനെയും രാഹുലിനെയും കടന്നാക്രമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള വിദ്വേഷം നിമിത്തം സർക്കാരിനെ അട്ടിമറിക്കാൻ കോൺഗ്രസ് വിദേശ ശക്തികളുമായി ഗൂഢാലോചന നടത്തുകയാണെന്ന് ദുബെ ആരോപിച്ചു. മോദിയെ വിമർശിക്കുന്ന ഇൽഹാൻ ഒമറിനെപ്പോലുള്ള അമേരിക്കൻ നിയമനിർമ്മാതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തിയത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം രാഹുലിനെ രാജ്യദ്രോഹി എന്ന് വിളിച്ചതിൽ കോൺഗ്രസ് പ്രതിഷേധിച്ചു. കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി ബഹളം വച്ചതോടെ ലോക്സഭ വൈകിട്ട് മൂന്നുവരെ നിറുത്തിവച്ചു. പിന്നീട് സമ്മേളിച്ചപ്പോഴും ബഹളം തുടർന്നു.
ലോക്‌സഭയിൽ നടന്നത് ദൗർഭാഗ്യകരമായ സംഭവമാണെന്ന് കോൺഗ്രസ് എം.പി കെ.സി. വേണുഗോപാൽ പറഞ്ഞു. നിഷികാന്ത് ദുബെയുടേത് പാർലമെന്റിൽ ആരും ഉപയോഗിക്കാത്ത അപകീർത്തി പരാമർശങ്ങളാണ്. അഴിമതിക്കെതിരെ നിലകൊള്ളുന്ന രാഹുലിനെ അദാനിയുടെ ഏജന്റുമാർ അധിക്ഷേപിക്കുന്നു. മോശം ഭാഷ ഉപയോഗിച്ച അംഗം മാപ്പ് പറയണം. ദുബെ നടത്തിയത് ചട്ടലംഘനമാണെന്ന് ശശി തരൂർ എം.പിയും ചൂണ്ടിക്കാട്ടി. സഭയിൽ അപകീർത്തികരമായ പരാമർശം പാടില്ല. മുൻകൂട്ടി രേഖാമൂലം അറിയിപ്പ് നൽകാതെ ആരുടെയും പേര് പറയാനുമാകില്ല. പ്രതിപക്ഷ നേതാവിനെ അപമാനിച്ചതും അംഗീകരിക്കാനാകില്ല. ദുബെയുടെ പരാമർശങ്ങൾ രേഖയിൽ നിന്ന് നീക്കം ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
ശീതകാല സമ്മേളനത്തിന്റെ തുടക്കം സഭാ നടപടികൾ തടസപ്പെടുത്തണമെന്ന നിലപാടിലാണ് പ്രതിപക്ഷമെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. ചില എംപിമാർ ഉന്നയിച്ചത് ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്.
മോദി-അദാനി
സ്റ്റിക്കറുമായി പ്രതിപക്ഷം
പ്രതിപക്ഷ എം.പിമാർ ഇന്നലെ ലോക്‌സഭയിലെത്തിയത് ഷർട്ടിലും ജാക്കറ്റിലും 'മോദി അദാനി ഏക് ഹേ, അദാനി സേഫ് ഹേ'(മോദിയും അദാനിയും ഒന്ന്, അദാനി സുരക്ഷിതൻ) എന്നെഴുതിയ സ്റ്റിക്കറുകൾ ഒട്ടിച്ചാണ്. പാർലമെന്റിൽ ത്രിവർണ്ണ പതാക ഒഴികെയുള്ള പ്രദർശിപ്പിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് സ്‌പീക്കർ ഓം ബിർള ഓർമ്മിപ്പിച്ചു. രാഹുൽ-സോറോസ് ഏക്& ഹെ എന്ന സ്റ്റിക്കർ ബി.ജെ.പിയും ഇറക്കി.