
ന്യൂഡൽഹി : ഡൽഹിയിലെ നെബ്സാരായിയിൽ മാതാപിതാക്കളുടെ വിവാഹവാർഷിക ദിനത്തിൽ അവരെ കഴുത്തറുത്ത് കൊന്നത് 20കാരനായ മകൻ. സഹോദരിയെ കൊലപ്പെടുത്തിയതും ഡൽഹി സർവകലാശാലയിലെ ബി.എ പൊളിറ്രിക്കൽ സയൻസ് വിദ്യാർത്ഥി കൂടിയായ അർജുൻ തൻവറാണെന്ന് ബോദ്ധ്യപ്പെട്ടു. സഹോദരിക്ക് സ്വത്ത് നൽകുമോയെന്ന സംശയത്തിലാണ് കൂട്ടകൊലപാതകം നടത്തിയത്. വിദ്യാർത്ഥിയെ കസ്റ്രഡിയിലെടുത്ത് ചോദ്യംചെയ്‌തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. അർജുൻ ബോക്‌സറാണ്.
ബുധനാഴ്ച പുലർച്ചെയാണ് ക്രൂര കൊലപാതകങ്ങൾ നടന്നത്. രാജേഷ് കുമാർ, ഭാര്യ കോമൾ, മകൾ കവിത എന്നിവരാണ് കൊല്ലപ്പെട്ടത്. കൃത്യത്തിന് ശേഷം, ആർക്കും സംശയം തോന്നാതിരിക്കാൻ പതിവു പ്രഭാത വ്യായാമത്തിന് അർജുൻ പോയിരുന്നു. പിന്നീട് മടങ്ങി വന്ന ശേഷമാണ് പൊലീസിനെ വിവരം അറിയിച്ചത്. പിതാവിന്റെ മൃതദേഹം വീടിന്റെ ഒന്നാംനിലയിലെ മുറിയിലായിരുന്നു. അമ്മയുടെയും മകളുടെയും മൃതദേഹം താഴത്തെ നിലയിലെ മുറികളിലും. കഴുത്തിലെ മുറിവിൽ നിന്ന് രക്തമൊഴുകുന്നത് തടയാൻ തുണി ചുറ്റിയിരുന്നതായി നാട്ടുകാർ പൊലീസിനോട് പറഞ്ഞു.
മൊഴിയിലെ പൊരുത്തക്കേട് കുരുക്കി
അർജുൻ പറഞ്ഞ കാര്യങ്ങളിൽ പൊരുത്തക്കേടുണ്ടെന്ന് സംശയം തോന്നിയ പൊലീസ്, സി.സി.ടി.വി അടക്കം പരിശോധിച്ചു. പുറത്തു നിന്ന് ആരും വന്നിട്ടില്ലെന്ന് മനസിലാക്കി. ഒരാഴ്ചയായി ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് മകൻ പൊലീസിനോട് സമ്മതിച്ചു. സംശയം തന്നിലേക്ക് നീളാതിരിക്കാനാണ് മാതാപിതാക്കളുടെ വിവാഹ വാർഷികദിനം കൊലപാതകങ്ങൾക്ക് തിരഞ്ഞെടുത്തത്. ആദ്യം സഹോദിയെയും പിതാവിനെയും കൊന്നു. പിന്നീട് അമ്മയെയും. പിതാവിന്റെ ആർമി കത്തിയാണ് ഉപയോഗിച്ചത്. അച്ഛൻ നിരന്തരം അവഗണിച്ചിരുന്നു, മർദ്ദിച്ചിരുന്നു. ഇതിനിടെ പഠനത്തിൽ മിടുക്കിയായ മകൾക്ക് സ്വത്ത് എഴുതിവയ്‌ക്കാനും നീക്കം തുടങ്ങി. ഇതാണ് പ്രകോപന കാരണമെന്ന് അർജുൻ പൊലീസിനോട് പറഞ്ഞു.