shambhu

ന്യൂഡൽഹി : പഞ്ചാബ് - ഹരിയാന അതിർത്തിയായ ശംഭു ബോർഡറിൽ ഇന്നലെ പൊലീസും കർഷകരുമായി സംഘർഷം. ആറ് കർഷകർക്ക് പരിക്കേറ്റു. വിളകൾക്ക് താങ്ങുവില ഉറപ്പാക്കാൻ നിയമനിർമ്മാണം, കാർഷിക വായ്‌പ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്നലെ ഉച്ചയോടെ ഡൽഹിക്ക് പദയാത്രയായി പുറപ്പെട്ട 101 അംഗ സംഘത്തെ തടഞ്ഞതോടെയാണ് സംഘർഷം. ഹരിയാന പൊലീസ് വ്യാപകമായി ടിയർ ഗ്യാസ് പ്രയോഗിച്ചു.

മേഖലയിൽ പൊലീസിനെ വിന്യസിച്ചിരുന്നു. ബാരിക്കേഡുകളിൽ കയറി തടസങ്ങൾ മറികടക്കാൻ കർഷകർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബർ ഒൻപത് വരെ അംബാല ജില്ലയിൽ മൊബൈൽ ഇന്റർനെറ്റും കൂട്ട എസ്.എം.എസും നിരോധിച്ചു. ഇന്നലെ സ്‌കൂളുകൾ അടച്ചിട്ടു. കഴിഞ്ഞ ഫെബ്രുവരി മുതൽ കർഷകർ മേഖലയിൽ തുടരുകയാണ്. സംയുക്ത കിസാൻ മോർച്ച (നോൺ പൊളിറ്റിക്കൽ), കിസാൻ മസ്ദൂർ മോർച്ച എന്നിവയുടെ ആഭിമുഖ്യത്തിലാണ് സമരം. ഫെബ്രുവരി 21ന് പഞ്ചാബ് - രിയാന അതിർത്തിയിലെ തന്നെ ഖനൗരി ബോർഡറിൽ ഹരിയാന പൊലീസുമായുണ്ടായ സംഘർഷത്തിൽ കർഷകനായ ശുഭ്കരൺ സിംഗ് കൊല്ലപ്പെട്ടിരുന്നു.

 ചർച്ചയ്‌ക്ക് കേന്ദ്രം

ഇന്ന് ച‌ർച്ച നടത്താമെന്ന് കേന്ദ്രസർക്കാർ കർഷക നേതാക്കളെ അറിയിച്ചിട്ടുണ്ട്. സമവായമായില്ലെങ്കിൽ നാളെ ഉച്ചയ്‌ക്ക് 12ന് 101 കർഷകരുടെ പദയാത്ര ഡൽഹിയിലേക്ക് തിരിക്കുമെന്ന് കിസാൻ മസ്ദൂർ മോർച്ച നേതാവ് സർവൻ സിംഗ് പാൻഥേർ പ്രതികരിച്ചു. കർഷകരെ സംബന്ധിച്ചിടത്തോളം ഭരണപക്ഷവും പ്രതിപക്ഷവും സമമാണ്. എല്ലാവരും രാഷ്ട്രീയം കളിക്കുകയാണ്. ഇതിനിടെ, കർഷക ക്ഷേമത്തിന് ശക്തമായി നിലപാടെടുക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്ന് കൃഷി മന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ പാർലമെന്റിൽ പറഞ്ഞു.

`ആവശ്യങ്ങൾ പറയാനും വേദനകൾ അറിയിക്കാനുമാണ് കർഷകർ ഡൽഹിക്ക് വരാൻ ശ്രമിക്കുന്നത്.സർക്കാർ അവരെ കേൾക്കണം. അവരെ തടയുന്നതിനെയും ടിയർ ഗ്യാസ് ഷെല്ലുകൾ വർഷിക്കുന്നതിനെയും അപലപിക്കുന്നു.

-രാഹുൽ ഗാന്ധി,

പ്രതിപക്ഷ നേതാവ്