sio

ന്യൂഡൽഹി: ആരാധനാലയ സംരക്ഷണ നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിക്കും. 12 മുതൽ വാദം കേൾക്കും. ഗ്യാൻവാപി, സംഭാൽ ഉൾപ്പെടെയുള്ള പള്ളികൾ ക്ഷേത്രങ്ങളായിരുന്നുവെന്ന ഹർജികളിൽ സർവേ നടത്താൻ കോടതികൾ അനുമതി നൽകുന്ന പശ്‌ചാത്തലത്തിൽ കേസ് നിർണായകമാണ്. ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയതാണ് ബെഞ്ച്.

1991ലെ ആരാധനാലയ നിയമത്തിന്റെ മൂന്ന് വ്യവസ്ഥകൾ ഭരണഘടന വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് ആശ്വനികുമാർ ഉപാദ്ധ്യയ ഉൾപ്പെടെ നൽകിയ ഹർജികളാണ് പരിഗണിക്കുക. നൂറ്റാണ്ടുകൾക്ക് മുൻപുള്ള വൈദേശിക ആക്രമണത്തിലൂടെ ക്ഷേത്രങ്ങൾ തകർക്കപ്പെട്ടെന്നും ആരാധനാ സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നുമാണ് ഹർജിക്കാരുടെ പ്രധാന വാദം.

നിയമം ഇല്ലാതായാൽ രാജ്യത്ത്‌ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ഗ്യാൻവാപ്പി പള്ളി കമ്മറ്റി കേസിൽ കക്ഷിയാകാൻ ഹർജി നൽകിയിട്ടുണ്ട്. സംഭാൽ പള്ളി സർവേയെചൊല്ലിയുള്ള സംഘർഷത്തിൽ അഞ്ച് പേർ മരിച്ചത് ചൂണ്ടിക്കാട്ടിയാണ് ഗ്യാൻവാപി കമ്മിറ്റി എത്തിയത്. നിയമത്തിന്റെ 2, 3, 4 വകുപ്പുകൾ ഭരണഘടനാ അനുച്ഛേദങ്ങൾക്ക് വിരുദ്ധവും മതേതരത്വ തത്വത്തെ ദുർബലപ്പെടുത്തുന്നതുമാണെന്ന് അശ്വിനി കുമാർ ഉപാദ്ധ്യായ സമർപ്പിച്ച ഹർജിയിൽ പറയുന്നു. കയ്യേറ്റത്തിനെതിരെ പരിഹാരം തേടാനുള്ള ഹിന്ദു ഭക്തരുടെ അവകാശത്തെ നിയമം തടസ്സപ്പെടുത്തുന്നുവെന്ന് വാദിച്ച് വിശ്വഭദ്ര പൂജാരി പുരോഹിത് മഹാസംഘും ഹർജി നൽകിയിട്ടുണ്ട്. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ ഹർജിയിൽ വിദേശ ആക്രമണവും മതപരിവർത്തനവും ബാധിച്ച ക്ഷേത്രങ്ങളിൽ ഹിന്ദുക്കളുടെ ആരാധന അവകാശത്തെ ഈ നിയമം ലംഘിക്കുന്നുവെന്ന് അവകാശപ്പെടുന്നു.2021 മാർച്ച് മുതൽ സുപ്രീംകോടതി അയച്ച നോട്ടീസുകളിൽ കേന്ദ്രസർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

തത്‌സ്ഥിതി തുടരണം

1947 ആഗസ്റ്റ് 15ലെ തത്‌സ്ഥിതി തുടരണമെന്നതാണ് മതേതരത്വവും മതസാഹോദര്യവും മുൻനിറുത്തിയുള്ള 1991ലെ ആരാധനാലയ സംരക്ഷണ നിയമം പറയുന്നത്. ഒരു മതത്തിന്റെ കീഴിലുള്ള ആരാധനാലയം മറ്റൊരു മതത്തിന്റേതാക്കി മാറ്റാൻ നിയമം അനുവദിക്കുന്നില്ല.