
ന്യൂഡൽഹി: കർഷകരുടെ ഡൽഹി ചലോ പദയാത്രാ സംഘത്തിന് ഇന്നലെയും ഹരിയാനയിലേക്ക് കടക്കാനായില്ല. പഞ്ചാബ് - ഹരിയാന അതിർത്തിയായ ശംഭു അതിർത്തിയിൽ പൊലീസും കർഷകരുമായി സംഘർഷമുണ്ടായി. പൊലീസ് ടിയർ ഗ്യാസ് ഷെല്ലുകൾ വർഷിച്ചു. എട്ട് കർഷകർക്ക് പരിക്കേറ്റു. ഒരാളെ വിദഗ്ദ്ധ ചികിത്സയ്‌ക്കായി ചണ്ഡിഗറിലെ ആശുപത്രിയിലേക്ക് മാറ്റി. കാർഷിക വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമനിർമ്മാണം, കാർഷിക വായ്‌പകളുടെ എഴുതി തള്ളൽ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം. സംയുക്ത കിസാൻ മോർച്ച (നോൺ പൊളിറ്റിക്കൽ), കിസാൻ മസ്ദൂർ മോർച്ച എന്നിവയുടെ ആഭിമുഖ്യത്തിലാണിത്.
ഇന്നലെ ഉച്ചയ്‌ക്ക് 12ഓടെ ശംഭു ബോർഡർ കടക്കാനെത്തിയ കർഷകരെ പൊലീസ് തടഞ്ഞു. 101 പേരുടെ പട്ടിക കിസാൻ മസ്ദൂർ മോർച്ച നേതാവ് സർവൻ സിംഗ് പാൻഥേർ ഹരിയാന പൊലിസിന് കൈമാറിയെങ്കിലും നീങ്ങാൻ അനുവദിച്ചില്ല. പട്ടികയിലുള്ളവരുടെ തിരിച്ചറിയൽ രേഖകൾ പൊലീസ് ആവശ്യപ്പെട്ടു. പട്ടികയിൽ പറയുന്നവരല്ല പദയാത്രയിലുള്ളതെന്ന് അറിയിച്ചു ഡൽഹിയിൽ പ്രവേശിക്കാൻ നേടിയ അനുമതിയും കാണിക്കാൻ ആവശ്യപ്പെട്ടു. ഇതോടെ, ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടാകുകയായിരുന്നു. ഇതിനിടെ, ചില പൊലീസുകാർ കർഷകർക്ക് മേൽ പുഷ്‌പവൃഷ്‌ടി നടത്തിയതും ചൊടിപ്പിച്ചു. രാസലായനി തളിച്ച പുഷ്‌പങ്ങളായിരുന്നുവെന്ന് കർഷകർ ആരോപിച്ചു.
ശംഭു ബോർഡർ ഉൾപ്പെടുന്ന മേഖലയിൽ നിരോധനാജ്ഞ തുടരുകയാണ്. അംബാല ജില്ലയിൽ മൊബൈൽ ഇന്റർനെറ്രിനും കൂട്ട എസ്.എം.എസിനും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി മുതൽ കർഷകർ മേഖലയിൽ തുടരുകയാണ്. സമരത്തിന്റെ തുടർനടപടികൾ കർഷക സംഘടനകൾ ഇന്ന് യോഗം ചേർന്ന് തീരുമാനിക്കും. കർഷകരെ നീക്കി ശംഭു ബോർഡർ തുറക്കണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും.
രാഷ്ട്രീയസ്വഭാവമെന്ന് കേന്ദ്രമന്ത്രി
കർഷക സമരത്തിന് രാഷ്ട്രീയസ്വഭാവമെന്ന് ആരോപിച്ച കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി, ചർച്ചയ്‌ക്ക് തയ്യാറാണെന്നും വ്യക്തമാക്കി. കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കർഷകരെ ഡൽഹിക്ക് പോകുന്നതിൽ നിന്ന് ഹരിയാന സർക്കാർ തടയുന്നതല്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ മോഹൻ ലാൽ ബദോലി പറഞ്ഞു. റോഡ് മാർഗമോ, ട്രെയിനിലോ പോകാം. പദയാത്രയായി പോകണമെന്ന രീതി അനുചിതമാണ്. ദേശീയപാതയിലെ ഗതാഗതം തടസപ്പെടുന്ന വിഷയമാണെന്നും കൂട്ടിച്ചേർത്തു.