sivagiri

ന്യൂഡൽഹി: ഗാന്ധിജി ശിവഗിരിയിലെത്തി ഗുരുദേവനുമായി കൂടിക്കാഴ്‌ച നടത്തിയതിന്റെ നൂറാം വാർഷികാഘോഷങ്ങൾ അടുത്ത കൊല്ലം ഡൽഹിയിൽ വിപുലമായ സമ്മേളനത്തോടെ തുടങ്ങുമെന്ന് ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഡൽഹിയിൽ സച്ചിദാനന്ദ ഫൗണ്ടേഷൻ എട്ടാമത് വാർഷികാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു സ്വാമി.

1925 മാർച്ച് 12നാണ് ഗാന്ധിജി ശിവഗിരി ആശ്രമത്തിൽ എത്തിയത്. ഗാന്ധിജി-ഗുരുദേവൻ കൂടിക്കാഴ്‌ച ആഘോഷിക്കാൻ ഒരു വർഷം നീളുന്ന പരിപാടികൾ സംഘടിപ്പിക്കും. ലോക സർവമത പാർലമെന്റ് പോലെ വിപുലമായ പരിപാടി ഡൽഹിയിൽ സംഘടിപ്പിക്കണമെന്നാണ് ആഗ്രഹം. ഇക്കാര്യം ശിവഗിരിയിലെ സന്ന്യാസിമാരുമായി ചർച്ച ചെയ്‌തു. പരിപാടിയുടെ വിജയത്തിന് എല്ലാ ശ്രീനാരായണീയ സംഘടനകളുടെയും സഹായം സ്വാമി സച്ചിദാനന്ദ അഭ്യർത്ഥിച്ചു.

വത്തിക്കാനിൽ മാർപ്പാപ്പയെ പങ്കെടുപ്പിച്ച് സർവമത സമ്മേളനം നടത്താൻ കഴിഞ്ഞത് കർദ്ദിനാളായി വാഴ്‌ത്തപ്പെട്ട മാർ ജോർജ് ജേക്കബ് കൂവക്കാട്ടിന്റെ സഹായത്തോടെയാണ്. ഗുരുദേവന്റെ അവതാര ലക്ഷ്യം ലോകത്തെ അറിയിക്കാനുള്ള വേദിയായി സർവമതസമ്മേളനം മാറി. താൻ ഉൾപ്പെടെ പരിപാടിയിൽ പങ്കെടുത്തവർക്ക് ശരീര പരിശോധന പോലും ഒഴിവാക്കി. പോപ്പുമായി ഹസ്‌തദാനത്തിനും അവസരം ലഭിച്ചു. ഇതിനെല്ലാം കാരണം ഗുരുദേവന്റെ സാർവസാഹോദര്യ ആദർശങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചടങ്ങിൽ സ്വാമിയുടെ 67-ാം ജന്മദിനാഘോഷവും നടത്തി. വേണു ചാരിറ്റബിൾ സൊസൈറ്റി ചെയർപേഴ്‌സൺ സുജയ കൃഷ്‌ണൻ, ശ്രീനാരായണ കേന്ദ്ര, ഡൽഹി പ്രസിഡന്റ് ബീനാ ബാബുറാം, ഫൗണ്ടേഷൻ പ്രസിഡന്റ് എം.കെ. അനിൽകുമാർ, മുഖ്യരക്ഷാധികാരി എസ്. സുവർണകുമാർ, ജനറൽ സെക്രട്ടറി സുധാകരൻ സതീശൻ, ട്രഷറർ സുജാരാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. എസ്.എൻ.ഡി.പി യോഗം ഡൽഹി യൂണിയൻ പ്രസിഡന്റ് ടി.എസ്. അനിൽ, ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ. രഘുനാഥ്, ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ നാഷണൽ ജനറൽ സെക്രട്ടറി കെ.ആർ. മനോജ്, പ്രസിഡന്റ് ബാബു പണിക്കർ, സി. ചന്ദ്രൻ, സുനിലി എന്നിവരെ ആദരിച്ചു.