
ന്യൂഡൽഹി: മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട നാശനഷ്‌ടങ്ങളുടെ കണക്ക് മുദ്രവച്ച കവറിൽ സമർപ്പിക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നിർദ്ദേശം. സർക്കാർ സ്വീകരിച്ച നടപടിയും അറിയിക്കണം.
കലാപം സംബന്ധിച്ച ഹർജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി.വി. സഞ്ജയ്കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഇടപെടൽ. പുനരധിവാസത്തിനായി സർക്കാർ അനുവദിച്ച ഫണ്ടിന്റെ കണക്കുകളും കൈമാറണം. മണിപ്പൂരിലെ സാഹചര്യത്തെ കുറിച്ച് ബോധവാന്മാരാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.
പുനരധിവാസം, നഷ്‌ടപരിഹാരം, കേസുകളുടെ അന്വേഷണ മേൽനോട്ടം തുടങ്ങിവയ്‌ക്കായി നിയോഗിച്ച ജസ്റ്റിസ് ഗീതാ മിത്തൽ അദ്ധ്യക്ഷയായ സമിതി 34ൽപ്പരം റിപ്പോർട്ടുകൾ തയ്യാറാക്കിയതായി സമിതിയുടെ അഭിഭാഷകൻ വിഭാ മഖിജ അറിയിച്ചു. അവ സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. കേസ് ജനുവരി 20ന് വീണ്ടും പരിഗണിക്കും.
ഹാജരാക്കേണ്ടത്
കലാപകാരികൾ അഗ്നിക്കിരയാക്കിയ വീടുകൾ
കൊള്ളയടിക്കപ്പെട്ട കെട്ടിടങ്ങൾ
അതിക്രമിച്ചു കൈയേറിയ വീടുകളുടെ എണ്ണം
ഉടമയുടെയും, കൈവശം വച്ചിരിക്കുന്ന ആളുടെയും വിവരം
അക്രമികൾക്കെതിരെ സംസ്ഥാനം സ്വീകരിച്ച നടപടികൾ
അനുവദിച്ച നഷ്‌ടപരിഹാരത്തിന്റെ വിവരങ്ങൾ