
ന്യൂഡൽഹി : തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയാൻ ലക്ഷ്യമിട്ടുള്ള നിയമം (പോഷ് ആക്‌ട്) രാഷ്ട്രീയ പാർട്ടികൾക്കും ബാധകമാക്കണമെന്ന ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി. തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാൻ ജസ്റ്റിസുമാരായ സൂര്യകാന്ത്, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശം നൽകി. മലയാളി അഭിഭാഷകയായ എം.ജി. യോഗമായയാണ് ഹർജി സമർപ്പിച്ചത്. രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ തുടങ്ങിയവ കൈകാര്യം ചെയ്യുന്ന തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഉചിതമായ ഫോറമെന്ന് കോടതി നിരീക്ഷിച്ചു.