
ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് 2029ൽ നടപ്പാക്കാനുള്ള ബിൽ പാർലമെന്റിന്റെ നടപ്പു സമ്മേളനത്തിൽ അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നതായി സൂചന. ബില്ലിന് കേന്ദ്ര മന്ത്രിസഭായോഗം നേരത്തെ അംഗീകാരം നൽകിയിരുന്നു. ലോക്‌സഭാ, നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കി ചെലവ് കുറയ്‌ക്കാൻ ലക്ഷ്യമിടുന്ന ബിൽ പാസാക്കാൻ ഭരണഘടനാഭേദഗതി വേണ്ടിവരും.
പാർലമെന്റ് ബിസിനസ് ഉപദേശക സമിതി അംഗീകരിച്ച ബില്ലുകളുടെ കൂട്ടത്തിൽ ഇല്ലെങ്കിലും സപ്ളിമെന്ററിയായി കൊണ്ടുവരാനാണ് നീക്കം. നവംബർ 24ന് തുടങ്ങിയ സമ്മേളനം ഡിംസംബർ 20 വരെയാണ് നടക്കേണ്ടത്. എന്നാൽ രാജ്യസഭയിൽ സിവിൽ വ്യോമയാന മേഖലയുമായും ലോക്‌സഭയിൽ ബാങ്കിംഗ് നിയമ (ഭേദഗതി) ബില്ലും മാത്രമാണ് പാസാക്കാൻ കഴിഞ്ഞത്.
പാസാക്കൽ എളുപ്പമല്ല
സർക്കാരിന് കേവല ഭൂരിപക്ഷം മാത്രമുള്ളതിനാൽ പാസാക്കുക എളുപ്പമല്ല. അഞ്ച് ഭരണഘടനാ വകുപ്പുകളിൽ ഭേദഗതി വേണം. ഇരു സഭകളിലും മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിൽ പാസാക്കണം. മൂന്നിൽ രണ്ട് നിയമസഭകളും അംഗീകരിക്കണം. നിയമസഭകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും കാലാവധി ഉൾപ്പെടുന്നതിനാലാണ് നിയമസഭകളുടെ അംഗീകാരം വേണ്ടിവരുന്നത്. നീക്കം അംഗീകരിക്കില്ലെന്ന് കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആംആദ്മി പാർട്ടി, ഇടതു കക്ഷികൾ അടക്കം വ്യക്തമാക്കിയിട്ടുണ്ട്.