k

ന്യൂഡൽഹി: ഭരണകക്ഷിയായ ബി.ജെ.പിക്ക് പരിഗണനയും തങ്ങൾക്ക് അവഗണനയുമെന്ന് ആരോപിച്ച് രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകറിനെതിരെ അവിശ്വാസപ്രമേയ നോട്ടീസ് നൽകാൻ പ്രതിപക്ഷം. കോൺഗ്രസ് കൊണ്ടുവരുന്ന പ്രമേയത്തെ തൃണമൂൽ, സമാജ്‌വാദി പാർട്ടി, ആംആദ്‌മി പാർട്ടി, തുടങ്ങിയ 'ഇന്ത്യ' മുന്നണി പാർട്ടികൾ പിന്തുണയ്‌ക്കും. തിരഞ്ഞെടുപ്പുകൾക്ക് ശേഷം മുന്നണിയിൽ വിള്ളലുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഒന്നിച്ചുള്ള നീക്കം.

യു.എസ് ശതകോടീശ്വരൻ ജോർജ്ജ് സോറോസ് ധനസഹായം നൽകുന്ന സംഘടനയുടെ കോൺഗ്രസ് ബന്ധം ആരോപിക്കാൻ ബി.ജെ.പിക്ക് അവസരം നൽകിയതാണ് കോൺഗ്രസിനെ പ്രകോപിപ്പിച്ചത്. കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായുള്ള ബന്ധം പേരുപറയാതെ ബി.ജെ.പി ഉയർത്തി. സോറസ് ഇന്ത്യാ വിരുദ്ധനാണെന്നും ആരോപിച്ചു.അതേസമയം, അദാനി അഴിമതി, മണിപ്പൂർ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാക്കളായ ജയറാം രമേശ് പ്രമോദ് തിവാരി എന്നിവർ നൽകിയ നോട്ടീസ് അദ്ധ്യക്ഷൻ തള്ളിയിരുന്നു. ഭരണകക്ഷി അംഗങ്ങൾക്ക് മാത്രം അവസരം നൽകുന്ന അദ്ധ്യക്ഷൻ പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ അവസരം നൽകിയെന്നായിരുന്നു അദ്ധ്യക്ഷന്റെ വാദം.

സോറോസ്-അദാനി

വിഷയത്തിൽ ബഹളം

ഇന്നലെയും രാജ്യസഭയും ലോക്‌സഭയും അദാനി-സോറോസ് വിഷയത്തിൽ പ്രക്ഷുബ്‌ദമായി. രണ്ടു തവണ നിറുത്തിവച്ച ലോക്‌സഭയിൽ കാര്യമായ ചർച്ചകളൊന്നും നടന്നില്ല. രാജ്യസഭയിലും ഭരണ-പ്രതിപക്ഷ വാക്‌പോരുണ്ടായി. അദ്ധ്യക്ഷൻ സഭാ നേതാവിനെയും പ്രതിപക്ഷ നേതാവിനെയും വിളിച്ച് തർക്കം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ബഹളത്തിൽ രാജ്യസഭയും മൂന്നു തവണ നിർത്തിവച്ചിരുന്നു.

മുഖം മൂടി ധരിച്ച്

കോൺ.എം.പിമാർ

മോദി-അദാനി ബന്ധം ആരോപിച്ച് കോൺഗ്രസ് ഇന്നലെയും പാർലമെന്റിൽ പ്രതിഷേധിച്ചു. എം.പിമാർ പ്രധാനമന്ത്രി മോദിയുടെയും അദാനിയുടെയും മുഖംമൂടി ധരിച്ചിരുന്നു. മുഖംമൂടി ധരിച്ച എംപിമാരോടുള്ള രാഹുൽ ഗാന്ധിയുടെ ഹാസ്യ സംഭാഷണം വൈറലായി. പ്രധാനമന്ത്രി ഈയിടെയായി മൗനിയാണല്ലോ എന്ന രാഹുലിന്റെ ചോദ്യത്തിന് ,ടെൻഷനിലാണെന്ന് എംപി മറുപടി നൽകുമ്പോൾ എല്ലാവരും ചിരിക്കുന്നത് കാണാം.