
ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രിയായിരിക്കെ ആം ആദ്മി ദേശീയ കൺവീനർ കൂടിയായ അരവിന്ദ് കേജ്രിവാൾ ജീവിച്ചത് അത്യാഡംബര സൗകര്യങ്ങളിലെന്ന് ആരോപിച്ച് ബി.ജെ.പി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ വീഡിയോ ഇന്നലെ പുറത്തുവിട്ടു. അഴിമതിയുടെ മ്യൂസിയമാണിതെന്ന് ബി.ജെ.പി ഡൽഹി ഘടകം അദ്ധ്യക്ഷൻ വിരേന്ദ്ര സച്ച്ദേവ ആരോപിച്ചു. വസതിയിലെ ആഡംബര സൗകര്യങ്ങളുടെ ചെലവ് 3.75 കോടിയിൽപ്പരമാണ്. സാധാരണക്കാരനാണെന്ന് അവകാശപ്പെടുന്ന കേജ്രിവാൾ, പൊതുഖജനാവ് ധൂർത്തടിച്ച് സെവൻ സ്റ്റാർ റിസോർട്ട് നിർമ്മിച്ചു. ജിംനേഷ്യം, സ്പാ, സോനാ റൂം, അത്യാധുനിക ബാത്ത് ടബ് തുടങ്ങിയവയുണ്ട്. 1.9 കോടി ചെലവിട്ട മാർബിൾ ഗ്രാനൈറ്റ് ലൈറ്റിംഗ് സംവിധാനം, 35 ലക്ഷത്തിന്റെ ജിംനേഷ്യം-സ്പാ ഉപകരണങ്ങൾ എന്നിവ ഒരുക്കിയെന്നും വിരേന്ദ്ര സച്ച്ദേവ ചൂണ്ടിക്കാട്ടി. ജനങ്ങളിൽ നിന്ന് മറച്ചുവച്ച മാളികയുടെ ആദ്യ വീഡിയോ ആണ് പുറത്തുവിടുന്നതെന്നും പറഞ്ഞു. കേജ്രിവാൾ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞെങ്കിലും താക്കോൽ അധികൃതർക്ക് കൈമാറിയിട്ടില്ല. മാളികയെ സംബന്ധിച്ച് കേജ്രിവാൾ മറുപടി പറയണമെന്നും കൂട്ടിച്ചേർത്തു.
കുപ്രചാരണമെന്ന് ആംആദ്മി
ബി.ജെ.പിയുടേത് കുപ്രചാരണമെന്ന് ആം ആദ്മി പാർട്ടി പറഞ്ഞു. പ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമെന്ന് മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചു. ജനങ്ങൾ വിദ്യാഭ്യാസ, ആരോഗ്യ സംവിധാനങ്ങളെ കുറിച്ചു ചോദിക്കുമ്പോൾ ബി.ജെ.പി ബംഗ്ലാവിനെ കുറിച്ച് പറയുന്നു.