
ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി പ്രതിപക്ഷ 'ഇന്ത്യ" മുന്നണിയെ നയിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതിനെ അനുകൂലിച്ച് ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. ഇക്കാര്യത്തിൽ കോൺഗ്രസിന്റെ എതിർപ്പുകൾ കാര്യമാക്കേണ്ടതില്ലെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം ലാലുവിന്റെ മകനും യുവ നേതാവുമായ തേജസ്വി യാദവും അനുകൂല അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. എങ്കിലും സമവായത്തിലൂടെ തീരുമാനമെടുക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. എന്നാൽ ലാലു ഒരു പടികൂടി കടന്ന് പൂർണമായി മമതയെ പിന്തുണയ്‌ക്കുകയാണ്.
നിലവിൽ 'ഇന്ത്യ" മുന്നണിയിൽ കോൺഗ്രസ് ഒഴികെ എല്ലാ പാർട്ടികൾക്കും മമത നയിക്കുന്നതിൽ എതിർപ്പില്ലെന്ന അവസ്ഥയാണ്. മമതാ ബാനർജിയുടെ മുൻകാല സംഭാവനകൾ കണക്കിലെടുത്ത് 'ഇന്ത്യ' സഖ്യത്തെ നയിക്കാനുള്ള വാഗ്ദാനം കണക്കിലെടുക്കണമെന്ന് ശിവസേന (ഉദ്ധവ്) രാജ്യസഭാ എംപി പ്രിയങ്ക ചതുർവേദി പറഞ്ഞിരുന്നു.