
ന്യൂഡൽഹി: ഭരണ-പ്രതിപക്ഷ ബഹളത്തിൽ ഇന്നലെയും പാർലമെന്റിന്റെ ഇരുസഭകളും സ്‌തംഭിച്ചു. കോൺഗ്രസ് ഉയർത്തിയ അദാനി വിഷയത്തെ രാഹുൽ ഗാന്ധിക്കും സോണിയാഗാന്ധിക്കും യു.എസ് ശതകോടീശ്വരൻ ജോർജ് സോറോസുമായുള്ള ബന്ധം ആരോപിച്ച് ബി.ജെ.പി നേരിട്ടു. അദാനി- മോദി എന്നെഴുതിയ കറുത്ത സഞ്ചികളുമായി കോൺഗ്രസ് പാർലമെന്റ് വളപ്പിൽ പ്രതിഷേധിച്ചു.
ബഹളത്തിനിടെ ലോക്‌സഭയിൽ മർച്ചന്റ് ഷിപ്പിംഗ് ബിൽ അവതരിപ്പിച്ചു. കപ്പൽ വ്യവസായത്തിനും തീരദേശ സംരക്ഷണത്തിനും അനുകൂല വ്യവസ്ഥകളാണ് ബില്ലിലുള്ളത്. 51% ശതമാനം ഇന്ത്യൻ പങ്കാളിത്തമുള്ള കപ്പലുകൾക്കും ഇന്ത്യയിൽ രജിസ്റ്റർ ചെയ്യാം. കപ്പലുകളിൽ വിദേശ പങ്കാളിത്തവും അനുവദിക്കും.
പൊളിക്കാനുള്ള കപ്പലുകൾക്ക് താത്‌കാലിക രജിസ്ട്രേഷനും വിദേശ കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കാനുള്ള വ്യവസ്ഥകളുമുണ്ട്. അനധികൃതമായി ഇന്ത്യൻ തീരത്ത് വരുന്ന കപ്പലുകളെ പിടിച്ചെടുക്കാൻ കേന്ദ്രസർക്കാരിന് അധികാരവും നൽകുന്നു.
ധൻകറിനെതിരെ അവിശ്വാസ
പ്രമേയ നോട്ടീസ് നൽകി
പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച് രാജ്യസഭ അദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകറിനെതിരെ കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. നോട്ടീസ് 14 ദിവസം മുൻപ് നൽകണമെന്നതിനാൽ നടപ്പു സമ്മേളനത്തിൽ അവിശ്വാസ പ്രമേയം വരില്ല. കോൺഗ്രസ്, ആർ.ജെ.ഡി, തൃണമൂൽ, സി.പി.ഐ, സി.പി.എം, ജെ.എം.എം, ആംആദ്‌മി പാർട്ടി, ഡി.എം.കെ തുടങ്ങിയ 'ഇന്ത്യ' പാർട്ടികളിൽ നിന്നുള്ള 71 എം.പിമാർ ഒപ്പിട്ട പ്രമേയ നോട്ടീസ് രാജ്യസഭ സെക്രട്ടറി ജനറലിന് നൽകി.
രാജ്യത്ത് ആദ്യമായാണ് രാജ്യസഭ അദ്ധ്യക്ഷനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകുന്നത്. രാജ്യസഭയിൽ എൻ.ഡി.എയ്ക്ക് ഭൂരിപക്ഷമുള്ളതിനാൽ അവിശ്വാസ പ്രമേയം തള്ളാനാകുമെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു.