
ന്യൂഡൽഹി: സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും ഡൽഹി മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കെ.എം. തീവാരി (70) അന്തരിച്ചു. ക്യാൻസർ ബാധിതനായിരുന്നു. ഡൽഹി സുർജിത് ഭവനിൽ പൊതുദർശനത്തിന് ശേഷം നിതംബോധി ഘട്ടിൽ സംസ്‌കരിച്ചു.
ഡൽഹി അതിർത്തിയിലെ ഗാസിയാബാദ്-സാഹിബാബാദ് വ്യാവസായിക മേഖലയിലെ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലൂടെയാണ് ഉയർന്നു വന്നത്. 1977ൽ സി.പി.എമ്മിൽ ചേർന്ന തിവാരി 1988ൽ ഡൽഹി സംസ്ഥാന കമ്മിറ്റിയിലേക്കും 1991ൽ സെക്രട്ടേറിയറ്റിലേക്കും 2018ൽ കേന്ദ്ര കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. സി.ഐ.ടി.യു ഡൽഹി സംസ്ഥാന സെക്രട്ടറിയായിരുന്നു. വർഷങ്ങളോളം സി.ഐ.ടി.യു ജനറൽ കൗൺസിലിലും വർക്കിംഗ് കമ്മിറ്റിയിലും പ്രവർത്തിച്ചു. സി.പി.എം പൊളിറ്റ് ബ്യൂറോ അഗാധമായ ദുഃഖം രേഖപ്പെടുത്തി.