a

 മൂന്നുദിവസത്തെ സന്ദർശനത്തിന് ഞായറാഴ്ച ഡൽഹിയിലെത്തും

 ദിസനായകെയുടെ ആദ്യ വിദേശ സന്ദർശനം

കൊളംബോ : ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ മൂന്നുദിവസത്തെ സന്ദർശനത്തിന് ഞായറാഴ്ച ഡൽഹിയിലെത്തും. ശ്രീലങ്കൻ പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള ആദ്യ വിദേശ സന്ദർശനമാണിത്. 15 മുതൽ 17 വരെയുള്ള സന്ദർശനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ശ്രീലങ്കൻ വിദേശകാര്യമന്ത്രി വിജിത ഹെറാത്ത്, ധനകാര്യ സഹമന്ത്രി അനിൽ ജയന്ത ഫെർണാണ്ടോയും അടങ്ങുന്ന ഉന്നതസംഘവും ദിസനായകെയെ അനുഗമിക്കും. ശ്രീലങ്കൻ കാബിനറ്റ് വക്താവ് ഡോ. നളിന്ദ ജയടിസ്സയാണ് സന്ദ‌ർശന വിവരം സ്ഥിരീകരിച്ചത്. ഇന്ധന-എൽ.പി.ജി വിതരണം, ഊർജ്ജ ഉത്പാദനവും പ്രസരണവും, ആരാധനാലയങ്ങളുടെ സൗരോർജ്ജ വൈദ്യുതീകരണം, കണക്‌ടിവിറ്റി, ആരോഗ്യം, ക്ഷീര വികസനം, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യം എന്നീ മേഖലകളിൽ സഹകരണവും പങ്കാളിത്തവും ചർച്ചയാകും. ശ്രീലങ്കയ്‌ക്ക് പുതിയ വരുമാന മാർഗങ്ങൾ ഉറപ്പാക്കുന്ന പദ്ധതികൾ കൂടിക്കാഴ്ചയിൽ ഉരുത്തിരിയും. സമൃദ്ധ ശ്രീലങ്ക എന്ന ലക്ഷ്യത്തിനും രാജ്യത്തിന്റെ സമ്പദ്ഘടന വീണ്ടെടുക്കാനും ഇന്ത്യയുമായുള്ള സഹകരണം നിർണായകമാണെന്ന നിലപാടാണ് ദിസനായകെയ്‌ക്കുള്ളത്. സാമ്പത്തിക സഹകരണം, പ്രാദേശിക സ്ഥിരത തുടങ്ങിയ മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാകും.

 നേരിട്ടു ക്ഷണിച്ച് ഇന്ത്യ

കൊളംബൊ സന്ദർശനത്തിനിടെ അനുര കുമാര ദിസനായകെയെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ദിസനായകെയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പവർ (എൻ.പി.പി) അധികാരമേറ്രതിനു പിന്നാലെയാണ് എസ്. ജയശങ്കർ സന്ദർശനം നടത്തിയത്. 'അയൽപക്കം ആദ്യം' എന്ന ഇന്ത്യൻ നിലപാട് ദിസനായകെയെ അറിയിച്ച ജയശങ്കർ, ശ്രീലങ്കയുമായുള്ള നയതന്ത്ര ബന്ധം ശക്തമാക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കിയിരുന്നു.