
ന്യൂഡൽഹി: പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലിന് യു.എൻ പരിസ്ഥിതി പ്രോഗ്രാമിന്റെ (യു.എൻ.ഇ.പി) പരമോന്നത 'ചാമ്പ്യൻസ് ഒാഫ് എർത്ത്' പുരസ്‌കാരം. പശ്‌ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലകളെ കണ്ടെത്തിയ ഗാഡ്ഗിലിന്റെ 2011ലെ റിപ്പോർട്ടാണ് പുരസ്‌കാരത്തിന് അർഹനാക്കിയത്. ഗാഡ്ഗിലിന്റെ പ്രവർത്തനങ്ങൾ പൊതുജനാഭിപ്രായത്തെയും പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തെക്കുറിച്ചുള്ള ഔദ്യോഗിക നയങ്ങളെയും വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് യു.എൻ.ഇ.പി വിലയിരുത്തി. ഭൂമിയെയും ജനങ്ങളെയും സംരക്ഷിക്കുന്ന പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ്
'ചാമ്പ്യൻസ് ഒഫ് എർത്ത്' പുരസ്‌കാരം നൽകുന്നത്.
ബ്രസീലിൽ നിന്നുള്ള സോണിയ ഗുജാജാര, യുഎസിൽ നിന്നുള്ള എമി ബോവേഴ്‌സ് കോർഡലിസ്, റൊമാനിയൻ പരിസ്ഥിതി സംരക്ഷകൻ ഗബ്രിയേൽ പോൺ, ചൈനീസ് ശാസ്ത്രജ്ഞനായ ലു ക്വി എന്നിവർക്കും ഗാഡ്ഗിലിനൊപ്പം ചാമ്പ്യൻസ് ഒാഫ് എർത്ത് പുരസ്‌കാരം ലഭിച്ചു.2011-ൽ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ ചെയർമാനായി സ്ഥാനമേറ്റ ശേഷമാണ് പരിസ്ഥിതി ലോല മേഖലകളെ കണ്ടെത്താനുള്ള ദൗത്യം ഗാഡ്‌ഗിൽ ഏറ്റെടുത്തത്. പശ്ചിമഘട്ടത്തിലെ 129,037 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കണമെന്ന് ഗാഡ്ഗിൽ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. റിപ്പോർട്ട് വിവാദമായതിനെ തുടർന്ന് കെ കസ്തൂരിരംഗനും ഇതേ ദൗത്യം ഏറ്റെടുത്തു. കേരളം അടക്കം സംസ്ഥാനങ്ങളുടെ എതിർപ്പ് കാരണം കസ്‌തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള അന്തിമ വിജ്ഞാപനം ഇതുവരെ നിലവിൽ വന്നിട്ടില്ല.