guruvayur

ന്യൂഡൽഹി: ഗുരുവായൂർ ക്ഷേത്രത്തിലെ പൂജകളുടെ സമയത്തിലോ ക്രമത്തിലോ മാറ്റം വരുത്തരുതെന്ന് സുപ്രീം കോടതി നിർദേശം. വൃശ്ചികത്തിലെ ഏകാദശി നാളായ ഇന്നലെ നടത്തേണ്ടിയിരുന്ന ഉദയാസ്‌തമയ പൂജ തുലാം മാസത്തിലേക്ക് മാറ്റിയ പശ്ചാത്തലത്തിലാണ് കോടതി ഇടപെടൽ.

പൂജയുടെ സമയം കഴിഞ്ഞ സാഹചര്യത്തിൽ അക്കാര്യത്തിൽ ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് കോടതി പറഞ്ഞു.

ക്ഷേത്ര വെബ്സൈറ്റിലെ ദിവസ പൂജകളുടെ ചാർട്ടിൽ മാറ്റം വരുത്തുകയോ, ഒഴിവാക്കുകയോ ചെയ്യരുതെന്ന് ദേവസ്വത്തിന് കർശന നിർദ്ദേശം നൽകി.

ആചാരങ്ങൾ അതേപടി തുടരണമായിരുന്നുവെന്ന് ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, രാജേഷ് ബിൻഡൽ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. പൂജ ദേവന്റെ ചൈതന്യം വർദ്ധിപ്പിക്കാനാണ്. അത് ദേവന്റെ അവകാശമാണ്. തിരക്കുകാരണം ജനങ്ങൾക്കുണ്ടാവുന്ന ബുദ്ധിമുട്ടാണ് ഗുരുവായൂർ ദേവസ്വം കാരണമായി പറയുന്നത്. അതിനു മറ്റു വഴികളാണ് നോക്കേണ്ടത്.

ദേവസ്വം മാനേജിംഗ് കമ്മിറ്റി, ക്ഷേത്ര തന്ത്രി, സംസ്ഥാന സർക്കാ‌ർ തുടങ്ങിയ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. നാലാഴ്ചയ്‌ക്കകം മറുപടി സമർപ്പിക്കണം.

തന്ത്രി കുടുംബമായ പുഴക്കര ചേന്നാസ് ഇല്ലത്തെ അംഗങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ദേവസ്വം തീരുമാനത്തെ തന്ത്രി അനുകൂലിച്ചെങ്കിലും കുടുംബത്തിലെ ഒരു വിഭാഗം എതിർക്കുകയാണ്. പൂജ മാറ്റുന്നത് ആചാരലംഘനമാണെന്ന് തന്ത്രി കുടുംബത്തിന് വേണ്ടി അഭിഭാഷകരായ സി.എസ്. വൈദ്യനാഥൻ, എ. കാർത്തിക് എന്നിവർ ചൂണ്ടിക്കാട്ടി. മാറ്റം വരുത്തണമെങ്കിൽ അഷ്‌ടമംഗല്യപ്രശ്‌നം വയ്‌ക്കേണ്ടതല്ലേയെന്ന് കോടതി ചോദിച്ചു. തന്ത്രിയുടെ അഭിപ്രായം അറിഞ്ഞശേഷമാണ് മാറ്റിയതെന്ന് ദേവസ്വം അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. തന്ത്രിക്ക് ഏകപക്ഷീയമായി തീരുമാനമെടുക്കാൻ കഴിയുമോയെന്ന് കോടതി ചോദിച്ചു.