
ന്യൂഡൽഹി: എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ പ്രവർത്തിക്കുന്ന റെയിൽവേ ബോർഡിന് നിയമ സാധുതയും കൂടുതൽ അധികാരങ്ങളും ഉറപ്പാക്കുന്ന റെയിൽവേ നിയമഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. നിയമമാകുന്നതോടെ റെയിൽവേ ബോർഡ് അംഗങ്ങളുടെ എണ്ണം, സേവന നിബന്ധനകൾ, യോഗ്യത, അനുഭവം എന്നിവയിൽ കേന്ദ്ര സർക്കാരിന് കൂടുതൽ അധികാരം ലഭിക്കും. എൻ.കെ.പ്രേമചന്ദ്രൻ, ഡീൻ കുര്യാക്കോസ് തുടങ്ങി പ്രതിപക്ഷ എം.പിമാരുടെ ഭേദഗതികൾ തള്ളി ശബ്‌ദവോട്ടോടെയാണ് ബിൽ പാസാക്കിയത്.
1989 ലെ റെയിൽവേ നിയമം ഭേദഗതി ചെയ്‌ത് 1905ലെ ഇന്ത്യൻ റെയിൽവേ ബോർഡ് നിയമത്തിലെ വ്യവസ്ഥകൾ ഒരു കുടക്കീഴിലാക്കിയതാണ് പ്രധാനം. ഇതോടെ റെയിൽവേ ബോർഡിന് നിയമപരമായ പിന്തുണ ലഭിക്കും. നിലവിൽ എക്‌സിക്യൂട്ടീവ് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബോർഡ് പ്രവർത്തിക്കുന്നത്. പ്രവർത്തന സ്വാതന്ത്ര്യം വർദ്ധിപ്പിക്കാനും ബിൽ ലക്ഷ്യമിടുന്നു.
പ്രവർത്തനക്ഷമത
മെച്ചപ്പെടുത്തൽ
റെയിൽവേ സോണുകൾക്ക് കൂടുതൽ സ്വയംഭരണാവകാശം
സോണുകളുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തൽ, അധികാരങ്ങൾ വികേന്ദ്രീകരിക്കൽ
പുതിയ ട്രെയിൻ സർവീസുകൾക്കുള്ള അംഗീകാരം നൽകുന്ന പ്രക്രിയ വേഗത്തിൽ
അടിസ്ഥാന സൗകര്യവികസനത്തിന് വ്യവസ്ഥകൾ
'സ്വകാര്യവത്‌കരണം
പരിഗണനയിലില്ല'
റെയിൽവേ സ്വകാര്യവത്കരണം കേന്ദ്രസർക്കാരിന്റെ അജൻഡയിലില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ‌്ണവ്. പ്രതിപക്ഷം വ്യാജ പ്രചാരണം നടത്തുകയാണെന്നും വ്യക്തമാക്കി. ലോക്‌സഭയിൽ റെയിൽവേ ഭേദഗതി നിയമത്തിന്റെ ചർച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. താരിഫ്, സുരക്ഷ, സ്വകാര്യ മേഖലയുടെ പങ്കാളിത്തം എന്നിവയ്ക്ക് മേൽനോട്ടം വഹിക്കാൻ സ്വതന്ത്ര റെഗുലേറ്റർ വേണമെന്ന ബില്ലിലെ വ്യവസ്ഥയാണ് പ്രതിപക്ഷത്തിന്റെ ആശങ്കയ്‌ക്ക് അടിസ്ഥാനം.
പുതിയ ബിൽ റെയിൽവേ സ്വകാര്യവത്‌കരണം ലക്ഷ്യമിട്ടാണെന്ന പ്രതിപക്ഷത്തിന്റെ ആശങ്കയ്‌ക്ക് അടിസ്ഥാനമില്ല. ഭരണഘടനയുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണം പോലെ ഇതും നിലനിൽക്കില്ല. വ്യാജ പ്രചാരണം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു-അശ്വനി വൈഷ്‌ണവ് പറഞ്ഞു.