
ന്യൂഡൽഹി: അദാനി-സോറോസ് വിഷയങ്ങളെ ചൊല്ലിയുള്ള ഭരണ-പ്രതിപക്ഷ പോരിൽ രാജ്യസഭ ഇന്നലെയും സ്‌തംഭിച്ചു. സ്‌പീക്കർ ഓം ബിർള നടത്തിയ ചർച്ചയിലുണ്ടായ സമയവായത്തിൽ ലോക്‌സഭ പ്രവർത്തിച്ചെങ്കിലും വാക്പോരിനും ബഹളത്തിനും കുറവുണ്ടായില്ല. നീണ്ട ഇടവേളയ്‌ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും സഭയിലെത്തി.
അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയ പ്രതിപക്ഷത്തെ അവഗണിച്ച് രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകർ നൽകിയ അവസരം ഭരണപക്ഷം നന്നായി ഉപയോഗിച്ചു. പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവും സഭാ നേതാവും കേന്ദ്രമന്ത്രിയുമായ ജെ.പി. നദ്ദയും യു.എസ് കോടീശ്വരൻ സോറോസുമായി കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിക്കും രാഹുലിനുമുള്ള ബന്ധം രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്ന ആരോപണം ആവർത്തിച്ചു. പ്രകോപിതരായ പ്രതിപക്ഷം മോദി-അദാനി മുദ്രാവാക്യവുമായി തിരിച്ചടിച്ചു. ഭരണപക്ഷ എംപിമാരും സീറ്റിൽ നിന്നെഴുന്നേറ്റ് മുദ്രാവാക്യം വിളിയായി. മൂന്നു തവണ നിർത്തിവച്ച ശേഷം സഭ പിരിഞ്ഞു.
സോണിയാഗാന്ധി-സോറോസ് ബന്ധം രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ടതാണ്.
- കേന്ദ്രമന്ത്രി ജെ.പി. നദ്ദ:
രാജ്യസഭാ അദ്ധ്യക്ഷന്റെ അന്തസ്സിനെ വെല്ലുവിളിക്കുകയാണ് പ്രതിപക്ഷം. നോട്ടീസ് നാടകം അനുവദിക്കില്ല. ഒരു കർഷകന്റെ മകൻ ഉപരാഷ്‌ട്രപതിയായി ഉയർന്നത് അഭിമാനമാണ്.
- കിരൺ റിജിജു
അദ്ധ്യക്ഷൻ അടുത്ത സ്ഥാനക്കയറ്റം ലക്ഷ്യമിട്ട് സർക്കാരിന്റെ വക്താവാകുന്നത് രാജ്യസഭാ ചരിത്രത്തിൽ ആദ്യം. പ്രതിപക്ഷ നേതാവിനെ അപമാനിക്കുന്നു. അദ്ധ്യക്ഷൻ രാഷ്ട്രീയത്തിന് അതീതനാകണം.
മല്ലികാർജ്ജുൻ ഖാർഗെ,
പ്രതിപക്ഷ നേതാവ്:
മണിപ്പൂർ ഉയർത്തി
കോൺഗ്രസ്
ചോദ്യോത്തര വേളയിൽ മണിപ്പൂർ സംഘർഷവും പ്രധാനമന്ത്രി സന്ദർശിക്കാത്തതും ഉയർത്തി കോൺഗ്രസ്. ആഭ്യന്തരമന്ത്രാലയത്തിന് സമാധാനം ഉറപ്പിക്കാനായില്ലെന്നും അതു മറച്ചുവയ്ക്കാനാണ് ജോർജ് സോറോസ് വിഷയം ബി.ജെ.പി ഉയർത്തുന്നതെന്നും കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് ചൂണ്ടിക്കാട്ടി. സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണെന്നും കോൺഗ്രസും ബാഹ്യശക്തികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതെന്നും വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ഗോയൽ സോറോസ് ബന്ധം ആരോപിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ ബഹളം തുടങ്ങിയതോടെ സഭ നിറുത്തിവച്ചു.
ദുരന്ത നിവാരണ നിയമഭേദഗതിയുടെ ചർച്ചയ്‌ക്കിടെ തൃണമൂൽ അംഗം കല്യാൺ ബാനർജിയും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും തമ്മിൽ വാക്‌പോരുണ്ടായി. കൊവിഡ് മഹാമാരി സമയത്ത് കേന്ദ്രം സഹായിച്ചില്ലെന്ന ബാനർജിയുടെ വാദം തള്ളിയ സിന്ധ്യ കൊവിഡ് വാക്‌സിൻ കൊണ്ടുപോകുന്നത് പശ്ചിമ ബംഗാൾ സർക്കാർ തടഞ്ഞെന്ന് പറഞ്ഞായിരുന്നു തുടക്കം. തർക്കത്തിനിടെ സിന്ധ്യയെ രാജാവിന് എന്തുമാകാമെന്ന് കളിയാക്കി. ബഹളം മൂത്ത് നടപടികൾ തടസപ്പെട്ടു.
ത്രിവർണ പതാകയും
റോസാപ്പൂവും
തനിക്കെതിരെ ബി.ജെ.പി എം.പിമാർ നടത്തിയ പരാമർശങ്ങൾ രേഖയിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി
അദാനി വിഷയത്തിൽ പാർലമെന്റ് വളപ്പിലെ പ്രതിഷേധത്തിനിടെ എൻ.ഡി.എ എം.പിമാർക്ക് ത്രിവർണ പതാകയും റോസാപ്പൂവും നൽകി കോൺഗ്രസ് എംപിമാർ. കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിന് രാഹുൽ ഗാന്ധി ത്രിവർണ പതാക നൽകി.