
ന്യൂഡൽഹി : ഭൂരിപക്ഷ സമുദായത്തിന്റെ ഇഷ്‌ടപ്രകാരമാകും രാജ്യം പ്രവർത്തിക്കുകയെന്ന് വിവാദം പരാമർശം നടത്തിയ അലഹബാദ് ഹൈക്കോടതി സിറ്രിംഗ് ജഡ്‌ജി ശേഖർ കുമാർ യാദവിനെ ഇംപീച്ച് ചെയ്യണമെന്ന നിലപാടിലുറച്ച് പ്രതിപക്ഷം. ഇംപീച്ച്മെന്റ് പ്രമേയം ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കാനാണ് ശ്രമം. രാജ്യസഭയിലെ സ്വതന്ത്ര എം.പിയായ അഡ്വ. കപിൽ സിബലാണ് ഇംപീച്ച്മെന്റ് ആവശ്യവുമായി ആദ്യം രംഗത്തെത്തിയത്. തുടർന്ന് 'ഇന്ത്യ' സഖ്യത്തിലെ പാർലമെന്റ് അംഗങ്ങളും ചേരുകയായിരുന്നു. ജഡ്‌ജസ് ഇൻക്വയറി ആക്‌ടും ഭരണഘടനാ വ്യവസ്ഥകളും പ്രകാരം ഇംപീച്ച് ചെയ്യണമെന്നാണ് പ്രമേയത്തിലെ ആവശ്യം. വിവാദ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പും, മാദ്ധ്യമവാർത്തകളും പ്രമേയത്തിനൊപ്പം വയ്‌ക്കും. 'ഇന്ത്യ' മുന്നണിക്ക് 85 എം.പിമാരാണ് രാജ്യസഭയിലുള്ളത്. അതിൽ കുറഞ്ഞത് 50 പേരുടെ ഒപ്പ് ശേഖരിച്ച് പ്രമേയം കൊണ്ടുവരാൻ ആവശ്യമാണ്. അത് ശേഖരിച്ച് പ്രമേയം അവതരിപ്പിക്കാനാണ് നീക്കം.
രാജ്യസഭയിലെ കോൺഗ്രസ് നേതാക്കളായ ദിഗ്‌വിജയ സിംഗ്, ജയറാം രമേശ്, വിവേക് തൻഖ, ആംആദ്മി പാർട്ടിയിലെ സഞ്ജയ് സിംഗ്, തൃണമൂൽ കോൺഗ്രസിലെ സാകേത് ഗോഖലെ, സാഗരിക ഘോഷ്, ആർ.ജെ.ഡിയിലെ മനോജ് കുമാർ ഝാ, സമാജ്‌വാദി പാർട്ടി നേതാവ് ജാവേദ് അലി ഖാൻ, സി.പി.എമ്മിലെ ജോൺ ബ്രിട്ടാസ്, സി.പി.ഐയിലെ പി. സന്തോഷ് കുമാർ, പി.പി. സുനീർ തുടങ്ങിയവർ ഇംപീച്ച്മെന്റ് പ്രമേയ നോട്ടീസിൽ ഒപ്പിട്ടു. വിവാദ പ്രസംഗം പരിശോധിക്കാൻ സുപ്രീംകോടതിയും തീരുമാനിച്ചിരുന്നു. അലഹബാദ് ഹൈക്കോടതിയോട് വിശദാംശങ്ങൾ തേടിയിരിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ജഡ്‌ജിയുടെ പരാമർശം. മുസ്ലീം സമുദായ അംഗങ്ങളെ അധിക്ഷേപിക്കുന്ന നിലയിലുള്ള മോശം വാക്ക് പ്രയോഗിച്ചെന്നും ആരോപണമുയർന്നിരുന്നു.
ശേഖർ കുമാർ യാദവ് ആ പദവി അലങ്കരിക്കാൻ യോഗ്യനല്ലെന്ന്, നോട്ടീസിൽ ഒപ്പിട്ടശേഷം സി.പി.ഐ രാജ്യസഭാ നേതാവ് പി. സന്തോഷ് കുമാർ പറഞ്ഞു. ഭരണഘടനയല്ല, ഭിന്നത തുളുമ്പുന്ന ഭൂരിപക്ഷ വർഗീയ ആശയങ്ങളാണ് നയിക്കുന്നതെന്ന് പ്രവർത്തിയിലൂടെ സിറ്റിംഗ് ജഡ്‌ജി തെളിയിച്ചു കഴിഞ്ഞു. രാജ്യത്തിന് വിരുദ്ധമായ പ്രവണതയാണിതെന്നും കൂട്ടിച്ചേർത്തു. കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഒഫ് ഇന്ത്യയും ജഡ്‌ജിക്കെതിരെ നടപടിയാവശ്യപ്പെട്ടു. രാഷ്ട്രീയം മാറ്റിവച്ച് എല്ലാ എം.പിമാരും ജഡ്‌ജിക്കെതിരെ ഭരണഘടനാപരമായ നടപടിയെടുക്കാൻ ഒന്നിച്ചു നിൽക്കണം.