
ന്യൂഡൽഹി: പ്രതിപക്ഷ 'ഇന്ത്യ'മുന്നണിയെ നയിക്കാൻ താത്പര്യമുണ്ടെന്ന് സൂചിപ്പിച്ച തൃണമൂൽ നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി ഒരു കസേരയും ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി. മമതയ്‌ക്ക് 'ഇന്ത്യ' കക്ഷികളിൽ ചിലർ പിന്തുണ നൽകിയതോടെ ഒറ്റയ്‌ക്കായ കോൺഗ്രസിനും ആശ്വാസകരമാണ് പുതിയ നിലപാട്. 'ഇന്ത്യ'യുടെ നേതൃത്വം ഏറ്റെടുക്കാൻ തനിക്ക് പിന്തുണ നൽകിയവർക്ക് ബംഗാളിലെ പുർബ മേദിനിപൂരിൽ നടന്ന ഒരു പരിപാടിയിൽ മമത നന്ദി പറഞ്ഞിരുന്നു. ആദരിച്ച എല്ലാ നേതാക്കളോടും നന്ദിയുണ്ടെന്നും എല്ലാ പാർട്ടികളും 'ഇന്ത്യ'യും നന്നാവണമെന്നതാണ് തന്റെ ആഗ്രഹമെന്നും അവർ പറഞ്ഞു. ഇതിനു പിന്നാലെ തൃണമൂൽ നേതാവ് കുനാൽ ഘോഷിന്റെ വിശദീകരണം വന്നു. ഡൽഹിയിലെ 'കസേര'യെക്കാൾ ബി.ജെ.പിയെ വെല്ലുവിളിക്കാൻ ഒരു ബദൽ വേദി കെട്ടിപ്പടുക്കുക എന്നതാണ് മമതയുടെ മുൻഗണനയെന്ന് പ്രതികരിച്ചു.
കോൺഗ്രസ് പ്രതീക്ഷിച്ച പ്രകടനം കാഴ്‌ചവയ്‌ക്കാത്തതുകൊണ്ടാണ് മറ്റ് കക്ഷികൾ മമതയെ പിന്തുണയ്‌ക്കുന്നതെന്നും ഘോഷ് ചൂണ്ടിക്കാട്ടി. ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള പ്രധാന ഉത്തരവാദിത്വം കോൺഗ്രസിനായിരുന്നു. ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ അവർ പരാജയപ്പെട്ടു. അതിനാൽ, മുതിർന്ന നേതാക്കൾ 'ഇന്ത്യ'യുടെ മുഖമായി മമത ബാനർജിയുടെ പേര് നിർദ്ദേശിക്കുന്നത് സ്വാഭാവികം. കോൺഗ്രസ് സ്വയം വിശകലനം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.