dftt

ന്യൂഡൽഹി: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിലും വിവിപാറ്റ് മെഷീനുകളിലും കൃത്രിമം നടന്നുവെന്ന് ആരോപിച്ച് സുപ്രീം കോടതിയെ സമീപിക്കാൻ 'ഇന്ത്യ' മുന്നണി. കഴിഞ്ഞ ദിവസം ഡൽഹിയിൽ എൻ.സി.പി നേതാവ് ശരദ് പവാറിന്റെ വസതിയിൽ നടന്ന യോഗത്തിലാണ് തീരുമാനം.സഖ്യത്തിന് സുപ്രീം കോടതിയിൽ വിശ്വാസമുണ്ടെന്നും മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ നടന്ന അഴിമതി സംബന്ധിച്ച് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എൻ.സി.പി (ശരദ് പവാർ) നേതാവ് പ്രശാന്ത് സുദാംറാവു ജഗ്താപ് പറഞ്ഞു. ചൊവ്വാഴ്‌ച രാത്രി നടന്ന യോഗത്തിൽ ശരദ് പവാർ, സുപ്രിയ സുലെ, ആംആദ്മി പാർട്ടി കൺവീനർ അരവിന്ദ് കേജ്‌രിവാൾ, പാർട്ടി നേതാവ് സഞ്ജയ് സിംഗ്, മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് മനു സിഗ്‌വി തുടങ്ങിയവരാണ് പങ്കെടുത്തത്. വോട്ടിംഗ് യന്ത്രത്തിലെ കൃത്രിമം നടന്നുവെന്ന 'ഇന്ത്യ' ആരോപണം മഹാരാഷ്‌ട്ര മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസർ തള്ളിയിരുന്നു.