
ന്യൂഡൽഹി : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘവുമായി സഹകരിക്കാത്തവരുടെ കേസുകൾ എഴുതിത്തള്ളുമെന്ന്
സുപ്രീംകോടതിയിൽ സൂചന നൽകി സംസ്ഥാന സർക്കാർ. മൊഴി നൽകാൻ പ്രത്യേക അന്വേഷണസംഘം നിർബന്ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നടി മാലാ പാർവതിയും, വനിതാ മേക്കപ്പ് ആർട്ടിസ്റ്റും സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയാണിത്.
സാക്ഷികൾ നിസഹകരിച്ചാലും, തെളിവില്ലെങ്കിലും ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം നടപടിയെടുക്കാമെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ടെന്ന് സർക്കാരിന് വേണ്ടി ഹാജരായ മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാർ അറിയിച്ചു. കേസുമായി മുന്നോട്ടുപോകാൻ ഇരകൾക്ക് താത്പര്യമില്ലെങ്കിലും കുറ്റവാളികൾ രക്ഷപ്പെട്ടു പോകുന്നത് അനുവദിക്കാനാകില്ലെന്ന നിലപാടാണ് സത്യവാങ്മൂലത്തിൽ നേരത്തെ സർക്കാർ അറിയിച്ചിരുന്നത്.
അന്വേഷണവുമായി മുന്നോട്ടു പോകാൻ പ്രത്യേക അന്വേഷണസംഘത്തെ അനുവദിക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷനും, വിമൻ ഇൻ സിനിമ കളക്‌ടീവും (ഡബ്ല്യു.സി.സി) ആവശ്യപ്പെട്ടു. റിപ്പോർട്ടിലെ ഇരകളുടെ മൊഴിയിൽ കേസെടുക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ നിർമ്മാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജിയിൽ അടക്കം ഡിസംബർ 19ന് വിശദമായി വാദം കേൾക്കും. നിലവിലെ അന്വേഷണങ്ങൾ സ്റ്റേ ചെയ്യണമെന്ന ആവശ്യവും അന്ന് പരിഗണിക്കാമെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, പ്രസന്ന ബി.വരാലെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
നിർബന്ധിക്കേണ്ട
മൊഴി നൽകാൻ താത്പര്യമില്ലാത്തവരെ നിർബന്ധിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസ് രജിസ്റ്റർ ചെയ്‌തു കഴിഞ്ഞാൽ, അന്വേഷണവുമായി സഹകരിക്കില്ലെന്ന് എങ്ങനെ പറയാൻ കഴിയുമെന്ന്
വാദത്തിന്റെ ഒരുഘട്ടത്തിൽ
കോടതി ചോദിച്ചിരുന്നു. സംരക്ഷണം വേണം. സ്വകാര്യതയ്‌ക്കാണ് മുൻഗണന. നിങ്ങൾ എന്തു നിലപാടെടുത്താലും ഞങ്ങൾ പ്രോസിക്യൂഷൻ നടപടിയുമായി മുന്നോട്ടു പോകുമെന്ന് പറയാൻ സർക്കാരിന് കഴിയില്ലെന്ന് അഭിഭാഷകൻ കൂട്ടിച്ചേർത്തു.
സിനിമാ രംഗത്തെ ലൈംഗികാതിക്രമങ്ങൾ അന്വേഷിക്കണമെന്ന ഹർജി തള്ളി
ന്യൂഡൽഹി: ഇന്ത്യൻ സിനിമാ രംഗത്തെ ലൈംഗികാതിക്രമങ്ങൾ അന്വേഷിക്കണമെന്ന പൊതുതാത്പര്യഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് മലയാളി അഭിഭാഷകനായ അജീഷ് കളത്തിൽ ഗോപി ആവശ്യമുന്നയിച്ചത്. എന്നാൽ ഇരയുടെ പരാതിയിൽ അല്ലാതെ ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് വിഭു ബഖ്രു അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.