
ന്യൂഡൽഹി : ഭർതൃവീട്ടിലെ സ്ത്രീധന പീഡനത്തെ കുറിച്ച് 12 വർഷത്തോളം ഭാര്യ പരാതി നൽകിയിട്ടില്ലെന്നും അതിനാൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐ.പി.സി) 498 എ വകുപ്പ് നിലനിൽക്കില്ലെന്നുമുള്ള ഭർത്താവിന്റെ വാദം തള്ളി സുപ്രീംകോടതി. ഗുജറാത്തിൽ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച കേസ് പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ വിക്രംനാഥ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിലപാട്. 12 വർഷത്തോളം നീണ്ട ദാമ്പത്യജീവിതത്തിനിടെ ഭാര്യ പരാതി നൽകിയില്ല എന്നതു കൊണ്ട് ക്രൂരതയ്ക്ക് ഇരയായിട്ടില്ല എന്നു പറയാൻ കഴിയില്ല. ആത്മഹത്യ ചെയ്യുന്നതിന് മുൻപ് യുവതി ഭർതൃഗൃഹത്തിൽ മാനസിക-ശാരീരിക പിഡനങ്ങൾക്ക് വിധേയയായി എന്നു പ്രഥമദൃഷ്ട്യാ തെളിവുണ്ട്. ഈസാഹചര്യത്തിൽ സ്ത്രീധന പീഡന വകുപ്പ് ഒഴിവാക്കാനാകില്ല. ഭർത്താവ് ഈ കുറ്രത്തിന് വിചാരണ നേരിടണം. അതേസമയം, ആത്മഹത്യാ പ്രേരണാക്കുറ്റം ഒഴിവാക്കി. യുവതിയുടെ അച്ഛന്റെ പരാതിയിലായിരുന്നു കേസ്.